വീട്ടമ്മയുടേത് ദൃശ്യം മോഡൽ കൊലപാതകം, ഒരു വ്യത്യാസം മാത്രം, പൊലീസ് ഉഴപ്പിയപ്പോൾ അയൽവാസിയുടെ അടുക്കള കുഴിച്ചത് നാട്ടുകാർ
അടിമാലി: ഒറ്റയ്ക്ക് താമസിക്കുന്ന യുവാവിന്റെ അടുക്കളയിൽ കുഴിച്ച്മൂടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം, മൂന്നാഴ്ച മുൻപ് കാണാതായ കാമാക്ഷി താമഠത്തിൽ സിന്ധു (45) വിന്റെ മൃതദേഹമാണെന്നാണ് ബന്ധുക്കളും പൊലീസും സംശയിക്കുന്നത്.അയൽവാസിയായ മണിക്കന്നേൽ ബിനോയി (50)ഒളിവിൽ പോയെന്ന് പൊലീസ് അറിയിച്ചു. ബിനോയിയുടെ വീടിന് സമീപമുള്ള വാടക വീട്ടിലായിരുന്നു സിന്ധുവും 12 വയസ്സുള്ള ഇളയ മകനും താമസിച്ചിരുന്നത്. പ്രാഥമിക അന്വേഷണത്തിൽ ബിനോയ് തന്നെയാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് അനേഷണ സംഘം.
കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്. ഭർത്താവുമായി പിരിഞ്ഞ് കഴിഞ്ഞിരുന്ന സിന്ധു അഞ്ച് വർഷമായി പണക്കൻകുടിയിൽ ബിനോയിയുടെ വീടിന് സമീപത്താണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ഭാര്യയേ ഉപേക്ഷിച്ച് ഒറ്റക്ക് താമസിക്കുന്ന ബിനോയി സിന്ധുവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇടയ്ക്ക് ഇയാളുമായി വാക്കു തർക്കങ്ങൾ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. കഴിഞ്ഞ 11 ന് രാത്രി മകനെ ബിനോയിയുടെ ബന്ധുവിന്റെ വീട്ടിൽ കൂട്ടു കിടപ്പിനായി പറഞ്ഞു വിട്ടു. പിറ്റേന്ന് മകൻ വീട്ടിൽ എത്തിയപ്പോൾ മാതാവിനെ കാണാത്തതിനെത്തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയും ബന്ധുക്കൾ വെള്ളത്തുവൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
പൊലീസ് അന്വേഷണം ആരംഭിക്കുകയും സംശയത്തിന്റെ അടിസ്ഥാനത്തിൽ ബിനോയിയുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പതിനാറാം തീയതി മുതൽ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.തുടർന്ന് ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലുംകേസുമായി ബന്ധപ്പെട്ട തുമ്‌ബൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ ബിനോയിയുടെവീട്ടിൽ അടുക്കളയിൽ നിർമ്മാണം നടത്തിയിട്ടുണ്ടെന്ന് സിന്ധുവിന്റെ ഇളയ മകൻ പൊലീസിന് മൊഴി നൽകിയെങ്കിലും ഇവിടം വേണ്ട രീതിയിൽ പരിശോധിക്കാൻ പൊലീസ് തയ്യാറായില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
തുടർന്നാണ് ബന്ധുക്കൾ തന്നെ ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തുകയും അടുക്കളയിൽ കുഴിച്ച് നോക്കുകയും ചെയ്തത്.രണ്ട് അടിയോളം മണ്ണ് മാറ്റിയപ്പോളാണ് ഒരു സ്ത്രീയുടെ കൈ കണ്ടെത്താനായത്. താഴേയ്ക്ക് പിന്നീട് കുഴിച്ചില്ല. വെള്ളത്തുവൽ പൊലീസ് സ്ഥലത്തെത്തി മറ്റ് നടപടികൾ സ്വീകരിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ബിനോയി തമിഴ്‌നാട്ടിലേയ്ക്ക് കടന്നിട്ടുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം.ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.ഇടുക്കി ഡിവൈ.എസ്.പി ഇമ്മാനവേൽ പോൾ, വെള്ളത്തൂവൽ സി.ഐ ആർ. കുമാർ , എസ്.ഐ മാരായ രാജേഷ് കുമാർ , സജി.എൻ. പോൾ എന്നിവരുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീം രൂപീകരിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി തഹസീൽദാരുടെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടത്തും.