കോളേജ് തുറക്കാൻ 24 ദിവസം: വിദൂരവിദ്യാഭ്യാസ കോഴ്സുകളും തുടങ്ങും; പ്രിൻസിപ്പൽമാരുടെ യോഗം ഇന്ന്
തിരുവനന്തപുരം: ഒക്ടോബർ നാലുമുതൽ കോളേജുകൾ അധ്യയനത്തിനായി തുറക്കുമ്പോൾ ക്‌ളാസുകളിൽ പകുതികുട്ടികൾ മാത്രം. ഒന്നിടവിട്ട ദിവസങ്ങളിലാണ് കുട്ടികൾ ക്ലാസുകൾക്ക് ഹാജരാകേണ്ടതെന്നു ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു അറിയിച്ചു.
അവസാനവർഷ വിദ്യാർഥികൾക്കു മാത്രമാണ് ആദ്യഘട്ടത്തിൽ ക്ലാസിലെത്താൻ അനുവാദമുള്ളത്. എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും. ഇതോടൊപ്പം വിദൂരവിദ്യാഭ്യാസ കോഴ്സുകളും ആരംഭിക്കുമെന്നു മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ 10-ന് ഈ വിഷയത്തിൽ സംസാരിക്കാൻ ഓൺലൈനായി പ്രിൻസിപ്പൽമാരുടെ യോഗം ചേരും. കോവിഡ് പ്രോട്ടോകോൾ സംബന്ധിച്ച് ചർച്ചകൾ നടത്തും. കോളേജുകൾ തുറക്കുമ്പോൾ പ്രാക്ടിക്കൽ ക്ലാസുകൾ നടത്താനും ലൈബ്രറി ഉപയോഗിക്കാനും സാധിക്കും. സ്ഥാപനങ്ങളിൽ അധ്യാപകർക്കും കുട്ടികൾക്കുമായി വാക്‌സിനേഷൻ ക്യാമ്പുകൾ നടത്തും. കോവിഡുമൂലം ക്ലാസുകളിൽ പങ്കെടുക്കാനാകാത്തവർക്ക് ഓൺലൈൻ ക്ലാസ് തുടരും. കോവിഡ് നെഗറ്റീവായവർക്ക് കോളേജിൽ വരാം. മൂന്നുമാസത്തിനുശേഷം വാക്‌സിൻ സ്വീകരിച്ചാൽമതി.
ഡോ. ശ്യാം ബി. മേനോൻ ചെയർമാനായി ഉന്നതവിദ്യാഭ്യാസ കമ്മിഷൻ, ഡോ. എൻ.കെ. ജയകുമാർ ചെയർമാനായി സർവകലാശാല നിയമപരിഷ്‌കാര കമ്മിഷൻ, നാല് വിദഗ്ധ അംഗങ്ങളുള്ള പരീക്ഷ പരിഷ്‌കരണ കമ്മിഷൻ എന്നിവയാണ് രൂപവത്കരിച്ചത്.