മൂന്ന് ദിവസത്തിനുള്ളിൽ കൊവിഡ് ഭേദമാകുമെന്ന് വാഗ്ദാനം, ‘യുപി മോഡൽ’ ചികിത്സ; യുവാവ് അറസ്റ്റിൽ
ഉപ്പള: കൊവിഡ് രോഗം മൂന്ന് ദിവസത്തിനുള്ളിൽ ഭേദമാക്കി നൽകാമെന്ന് പറഞ്ഞ് വ്യാജ ചികിത്സ നൽകിയ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് മോഡൽ ചികിത്സയാണെന്ന് പറഞ്ഞ് ആളുകളെ പറ്റിച്ച യുപി ചന്തോളി പീതാംപുര സ്വദേശി വിനീത് പ്രസാദിനെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.
ഉപ്പള മണിമുണ്ടയിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലായിരുന്നു ഇയാളുടെ ചികിത്സ. മൂന്ന് ദിവസത്തിനുള്ളിൽ കൊവിഡ് ഭേദമാകുമെന്ന ബോർഡ് പ്രദർശിപ്പിച്ചായിരുന്നു ചികിത്സ.
- Advertisement -
നിരവധിയാളുകൾ ഇയാളിൽ നിന്ന് മരുന്ന് വാങ്ങിയിട്ടുണ്ട്. ഇയാൾ മരുന്നെന്ന പേരിൽ വിൽപന നടത്തിയ മസാലക്കൂട്ട് പൊലീസ് പിടിച്ചെടുത്തു. ഓഗസ്റ്റ് 15നാണ് ഇയാൾ കാസർകോട് എത്തിയത്. പിന്നീട് യുപി മോഡൽ എന്ന പേരിൽ ചികിത്സ ആരംഭിക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ റെയിൽവേ ഉദ്യോഗസ്ഥനായിരുന്നെന്നും മേൽ ഉദ്യോഗസ്ഥനെ മർദ്ദിച്ചതിന് നടപടി നേരിട്ടെന്നും പൊലീസ് പറഞ്ഞു.
- Advertisement -