അഫ്ഗാൻ മുൻ വൈസ്പ്രസിഡന്റ് അമറുള്ള സലേയുടെ സഹോദരനെ താലിബാൻ ഭീകരർ വധിച്ചു
കാബൂൾ : പഞ്ച്ഷീറിൽ പോരാട്ടം തുടരുന്നതിന് പിന്നാലെ താലിബാൻ വിരുദ്ധ വടക്കൻ സേനയുടെ മുൻനിര നേതാക്കളിലൊരാളായ അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ് അമറുള്ള സലേയുടെ സഹോദരനെ താലിബാൻ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. അമറുള്ള സലേയുടെ ജ്യേഷ്ഠ സഹോദരൻ റോഹുള്ള സലേയെയാണ് പഞ്ച്ഷീറിൽ നിന്ന് കാബൂളിലേക്ക് പോകുന്നതിനിടെ താലിബാൻ ഭീകരർ വെടിവച്ച് കൊന്നത്.
- Advertisement -
സലേയുടെ സഹോദരനാണെന്ന് തിരിച്ചറിഞ്ഞതോടെ ഭീകരർ റോഹുള്ള സലേയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് സൂചന. അതേസമയം റൂഹുള്ള സലേയെ വധിച്ചത് കൂടാതെ അദ്ദേഹത്തിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കാനും താലിബാൻ തയ്യാറായില്ലെന്നാണ് വിവരം.
പഞ്ച്ഷീറിൽ താലിബാനെതിരെ അവസാന നിമിഷം വരെ പോരാടിയ അമറുള്ള സലേ താലിബാൻ തീവ്രവാദികൾ പിടികൂടുന്നതിന് മുൻപേ സുരക്ഷിത താവളത്തിലേക്ക് മാറിയെന്നാണ് വിവരം. വർഷങ്ങൾക്ക് മുൻപ് സലേയുടെ സഹോദരിയേയും താലിബാൻ ഭീകരർ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു. തന്നെ ഒരു സമ്പൂർണ താലിബാൻ വിരോധിയാക്കിയത് ആ സംഭവമാണെന്ന് സലേ പറഞ്ഞിട്ടുണ്ട്.
അതേസമയം പഞ്ച്ഷീർ പ്രവിശ്യ പൂർണമായി കീഴടക്കിയെന്ന് താലിബാൻ അവകാശപ്പെടുന്നെങ്കിലും താഴ്‌വരയുടെ പല പ്രദേശങ്ങളും താലിബാന് ഇനിയും പിടിച്ചെടുക്കാൻ സാധിച്ചിട്ടില്ലെന്നാണ് വിവരം. പ്രദേശത്തെ തന്ത്രപ്രധാന മേഖലകളിൽ വടക്കൻ സഖ്യം നിലയുറപ്പിച്ചിട്ടുണ്ടെന്നും പോരാട്ടം തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
- Advertisement -