Ultimate magazine theme for WordPress.

‘നാർക്കോട്ടിക് ‘ എന്നതോ ‘ലവ് ‘എന്നതോ അല്ല പ്രശ്നം, ‘ജിഹാദ്’ ആണ് പ്രശ്നം: എൻഎസ് നുസൂർ

0

 

 

കോഴിക്കോട്: കേരളത്തിൽ ലൗജിഹാദിനൊപ്പം നാർക്കോട്ടിക്ക് ജിഹാദും വ്യാപകമാണെന്ന് വെളിപ്പെടുത്തിയ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എൻഎസ് നുസൂർ. സ്വന്തം മതം അനുശാസിക്കുന്ന കാര്യങ്ങളും മതഗ്രന്ഥങ്ങളുടെ പൊരുളും ആദ്യം മതപണ്ഡിതന്മാരും പിന്നീട് അനുയായികളേയും പഠിപ്പിക്കണമെന്നും അല്ലാതെ മറ്റ് പോംവഴികൾ ഒന്നും ഇല്ലെന്നും എൻഎസ് നുസൂർ അഭിപ്രായപ്പെട്ടു. ‘നാർക്കോട്ടിക് ‘ എന്നതോ ‘ലവ് ‘എന്നതോ അല്ല പ്രശ്നം, ‘ജിഹാദ്’ ആണ് പ്രശ്‌നമെന്ന് എൻഎസ് നുസൂർ ഫേസ്ബുക്കിൽ കുറിച്ചു.

- Advertisement -

നുസൂറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

നുസൂറിന്റെ പ്രതികരണത്തിന്റെ പൂർണരൂപം- പാലാ’ ആടിയുലയുമ്പോൾ… പാലാ ബിഷപ്പ് പ്രസംഗിച്ചത് ശ്രദ്ധിച്ചു. ബോധപൂർവ്വം പുതിയ ഒരു പദപ്രയോഗം കൂടി പൊതുസമൂഹത്തിന് മുൻപിൽ അദ്ദേഹം സമർപ്പിച്ചു. അദ്ദേഹത്തിന്റെ അറിവിന്റെ പരിമിതിയിൽ നിന്നും നാട്ടിൽ നടക്കുന്ന വിഷയങ്ങളിലെ അദ്ദേഹത്തിന്റെ ഉൽകണ്ഠ മനസിലാകുന്നു. ലവ് ജിഹാദ് എന്ന ഒരു വിഷയം ഉണ്ടെന്ന് വ്യക്തിപരമായി എനിക്ക് അഭിപ്രായമില്ല. എന്നാൽ ഈ വാചകം എവിടെ നിന്നാണ് ആദ്യം ഉടലെടുത്തത് എന്ന് നാം ചിന്തിക്കണം. സാധാരണയായി കേൾക്കുന്ന ഒരാൾക്ക് ഇതെല്ലാം ഇസ്ലാമിക സമൂഹത്തെ പരാമർശിക്കുന്നതാണോ എന്ന് സംശയിക്കാം. ‘നാർക്കോട്ടിക് ജിഹാദ്’.കേൾക്കാൻ സുഖമുള്ള വാക്കാണ്. പക്ഷെ അതിനകത്ത് ഒളിഞ്ഞിരിക്കുന്ന വലിയ ഒരു അപകടം ഉണ്ട്. ബോധപൂർവ്വം ബിഷപ്പ് ഒരു ചർച്ചക്ക് വഴിയൊരുക്കിയിരിക്കുന്നു. ‘നാർക്കോട്ടിക് ‘ എന്നതോ ‘ലവ് ‘എന്നതോ അല്ല പ്രശ്നം. ‘ജിഹാദ്’. അതാണ് പ്രശ്നം. മുൻപേ പറഞ്ഞ വാക്കുകളുടെ കൂടെ ജിഹാദ് കൂടി കലർത്തുമ്‌ബോൾ അതിന് വർഗ്ഗീയ ചേരിതിരിവ് ഉണ്ടാകുന്നു. അതാണ് ഇന്ന് പലരുടെയും ആവശ്യം. ആ പദപ്രയോഗങ്ങൾക്ക് സംഘപരിവാറുകാർ കോടികൾ വരെ വിലയിടുന്നു.

സ്വന്തം സമുദായത്തിൽ നിന്നും ആരും മറ്റുള്ള സമുദായത്തിലേക്ക് പോകുവാൻ പാടില്ല എന്നതാവാം ബിഷപ്പ് ഉദ്ദേശിച്ചത്. അതാണ് ഇന്ന് എല്ലാ സമുദായങ്ങളും അനുഭവിക്കുന്ന പ്രശ്നവും . സ്വന്തം മതത്തിൽ നിന്നും പരിവർത്തനം ചെയ്തവരെ തിരികെ കൊണ്ട് വരാൻ ഘർവാപ്പസി പ്രചരണം നടത്തേണ്ടി വന്നതും അതുകൊണ്ടാണ്. മതം മാറ്റം പലതരത്തിൽ നടന്നിട്ടില്ലേ? . പണ്ട് കാലങ്ങളിൽ മനുഷ്യന്റെ ദാരിദ്ര്യത്തെ മുതലെടുത്ത് പരിവർത്തനം നടന്നിട്ടില്ലേ? മലബാർ കലാപം നടന്നപ്പോൾ നിർബന്ധിത മത പരിവർത്തനം നടന്നു എന്ന് ചിലർ അവകാശപ്പെടുന്നില്ലേ? അങ്ങനെ എത്രയോ സാഹചര്യങ്ങൾ. ഇപ്പോൾ പ്രണയമാണ് വിഷയം. മതപരിവർത്തനം തടയാൻ ഒറ്റ വഴിയേ ഇനി അവശേഷിക്കുന്നുള്ളൂ. സ്വന്തം മതം അനുശാസിക്കുന്ന കാര്യങ്ങളും മതഗ്രന്ഥങ്ങൾ പറയുന്നതിന്റെ പൊരുളും ആദ്യം മതപണ്ഡിതന്മാരും അതിന് ശേഷം കൂടെയുള്ളവരെയും വെടിപ്പായി പഠിപ്പിക്കുക. അല്ലാതെ മറ്റ് പോംവഴികൾ ഒന്നും ഇല്ല.

മയക്കുമരുന്നും, പ്രണയവും ഒന്നും ഒരു സമുദായത്തിന് മാത്രം ഉള്ളതല്ല. കുറ്റകൃത്യങ്ങളിൽ എല്ലാ മതസ്തരും സഹോദരങ്ങളാണ്. പല രാജ്യാന്തര കുറ്റകൃത്യങ്ങളിലെയും പേരുകൾ പാലായിൽ ഇരുന്ന് ഗൂഗിൾ ചെയ്താലും ബിഷപ്പ് മറ്റൊരു പ്രസംഗം നടത്തേണ്ടി വരും. ബോധപൂർവ്വം നടത്തുന്ന പരാമർശങ്ങൾ സമൂഹത്തിൽ വിള്ളലുകൾ സൃഷ്ടിക്കും. ഈ പരാമർശം കൊണ്ട് അദ്ദേഹം എന്താണോ ഉദ്ദേശിച്ചത് അത് ചില മുസ്ലീം സംഘടനകൾ നടപ്പിലാക്കി കൊടുത്തു . കേൾക്കേണ്ട താമസം ബിഷപ്പ് ആസ്ഥാനത്തേക്ക് മാർച്ച്. ഒരു ബിഷപ്പ് മാത്രമല്ല ക്രിസ്ത്യൻ സമൂഹത്തിന്റെ വാക്ക്. മാർ പാപ്പയേക്കാളും വലിയ ബിഷപ്പ് ഒന്നും ഇല്ലല്ലോ. എന്നിട്ടാണ് നേരെ ബിഷപ്പ് ആസ്ഥാനത്തേക്ക് പോയത്. സമൂഹത്തിൽ വർഗ്ഗീയ ചേരിതിരിവുണ്ടാക്കാൻ പലരും ശ്രമിക്കും. നമ്മൾ യുവജനങ്ങൾ ശ്രദ്ധാലുക്കൾ ആകണം.ബിഷപ്പ് പറഞ്ഞ വിഷയത്തിൽ ആവശ്യമുള്ളത് സ്വീകരിക്കാം. ഒരു സമുദായം മാത്രമല്ല, എല്ലാപേരും മയക്കുമരുന്നിനെതിരെ ഒരുമിക്കണം.. പ്രണയം അത് ആര് വിചാരിച്ചാലും അവസാനിപ്പിക്കാൻ പറ്റുന്ന ഒന്നല്ല. പ്രണയിക്കുമ്‌ബോൾ മതം, ജാതി ഇതൊന്നും നോക്കുന്നില്ല എങ്കിൽ ഒരുമിക്കുമ്‌ബോൾ എന്തിനാണ് ഇതൊക്കെ നോക്കുന്നത്. വർഗ്ഗീയതക്കെതിരെ ഒരു മനസ്സോടെ പോരാടാം.

 

 

- Advertisement -

Leave A Reply

Your email address will not be published.