ഇടതുപക്ഷത്ത് നിന്നിട്ട് പ്രയോജനമില്ല; സിപിഐ യുവനേതാവ് കനയ്യ കുമാർ കോൺഗ്രസിലേക്ക്; രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും
ന്യൂദൽഹി: ജെ.എൻ.യു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും സി.പി.ഐ നേതാവുമായ കനയ്യ കുമാർ കോൺഗ്രസിലേക്ക്. കോൺഗ്രസ് നേതാക്കളുമായി കനയ്യയുടെ ചർച്ച തുടരുകയാണെന്ന് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ചർച്ചകളുടെ അന്ത്യത്തിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും കോൺഗ്രസിലേക്കുള്ള കനയ്യുടെ പ്രവേശം എന്നാണ് റിപ്പോർട്ട്.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐ ടിക്കറ്റിൽ കുമാർ മത്സരിച്ചിരുന്നുവെങ്കിലും ബി.ജെ.പി നേതാവ് ഗിരിരാജ് സിംഗിനോട് പരാജയപ്പെട്ടു. അതിനുശേഷം അദ്ദേഹം പൊതുവേദികളിൽ കൂടുതൽ സജീവമായിരുന്നില്ല. കനയ്യയെ കോൺഗ്രസിൽ ഉൾപ്പെടുത്തുന്നത് പാർട്ടിയുടെ ഉന്നതതലത്തിൽ ഗൗരവമായ പരിഗണനയിലാണെന്നും എന്നാൽ എങ്ങനെ, എപ്പോൾ ചേരുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഒരു ഉന്നത കോൺഗ്രസ് വൃത്തം പറഞ്ഞതായി റിപ്പോർട്ട് പറയുന്നു.
- Advertisement -
നേരത്തെ കോൺഗ്രസ് നേതാക്കൾക്കൊപ്പമുള്ള കനയ്യയുടെ ചിത്രം പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കോൺഗ്രസിൽ ചേരുമെന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നത്. എന്നാൽ ഇക്കാര്യം കനയ്യ തന്നെ നിഷേധിച്ചിരുന്നു. ഇത്തരം വാർത്തകളിൽ യാതൊരു യാഥാർത്ഥ്യവുമില്ല. രജിസ്റ്റർ ചെയ്തിട്ടുള്ള ദേശീയ പാർട്ടിയിൽ അംഗമാണ് ഞാൻ. രാഷ്ട്രീയത്തിൽ പലരുമായും ഇടപഴകേണ്ടിവരുമെന്നും അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
- Advertisement -