Ultimate magazine theme for WordPress.

ഓൺലൈൻ ഗെയിമിന് അടിപ്പെടുന്ന കുട്ടികൾക്കായി ഡിജിറ്റൽ ഡി അഡിക്ഷൻ സെൻററുകൾ: മുഖ്യമന്ത്രി

0

ഓൺലൈൻ ഗെയിമിന് അടിപ്പെടുന്ന കുട്ടികളെ സമൂഹത്തിൻറെ പൊതുധാരയിലേയ്ക്ക് കൊണ്ടുവരുന്നതിന് പോലീസിൻറെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ ഡി-അഡിക്ഷൻ സെൻററുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തിൻറെ പലഭാഗത്തായി പോലീസിനായി പണികഴിപ്പിച്ചതും നവീകരിച്ചതുമായ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻറെ പുതിയ കെട്ടിടവും അദ്ദേഹം നാടിന് സമർപ്പിച്ചു.

സംസ്ഥാനത്തെ 20 പോലീസ് സ്റ്റേഷനുകൾ കൂടി ശിശുസൗഹൃദ സ്റ്റേഷനുകളായി. ഇതോടെ ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകളുടെ എണ്ണം 126 ആയി. ഇതിൻറെ പ്രഖ്യാപനവും മുഖ്യമന്ത്രി നിർവ്വഹിച്ചു. പോലീസിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് മികച്ച നേട്ടമാണ് കൈവരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിരലിൽ എണ്ണാവുന്ന പോലീസ് സ്റ്റേഷനുകൾക്ക് മാത്രമാണ് സ്വന്തമായി കെട്ടിടം ഇല്ലാത്തത്. എത്രയും പെട്ടെന്നുതന്നെ ഇവയ്ക്കായി കെട്ടിടം നിർമ്മിക്കും. മാതൃകാപരമായ പ്രവർത്തനം വഴി ജനസേവനത്തിൻറെ പ്രത്യേക മുഖം ആകാൻ പോലീസിന് കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ സേവിക്കുന്നതിൽ മറ്റാരെക്കാളും തങ്ങൾ മുന്നിലാണെന്ന് അനുഭവത്തിലൂടെ തെളിയിക്കാൻ പോലീസ് സേനയ്ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

പൂജപ്പുര, വിഴിഞ്ഞം, കോട്ടയം ഈസ്റ്റ്, കുമരകം, കുറവിലങ്ങാട്, ഗാന്ധിനഗർ, കറുകച്ചാൽ, തൃശൂർ വെസ്റ്റ്, പേരാമംഗലം, മണ്ണുത്തി, തൃശൂർ സിറ്റി വനിതാ പോലീസ് സ്റ്റേഷൻ, കൊടുങ്ങല്ലൂർ, തിരൂർ, ഉളിക്കൽ, ആറളം, കുമ്പള, വിദ്യാനഗർ, അമ്പലത്തറ, ബേഡകം, ബേക്കൽ എന്നീ പോലീസ് സ്റ്റേഷനുകളിലാണ് പുതുതായി ശിശുസൗഹൃദ കേന്ദ്രങ്ങൾ തുറന്നത്. പൊൻമുടിയിലെ പോലീസ് സഹായ കേന്ദ്രവും ഇരിങ്ങാലക്കുടയിലെ ജില്ലാ ഫോറൻസിക് ലബോറട്ടറിയും മലപ്പുറം എ.ആർ ക്യാമ്പ്, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലെ ജില്ലാ പരിശീലന കേന്ദ്രവും ഇന്ന് പ്രവർത്തനക്ഷമമായി. കാടാമ്പുഴയിലും വടകര വനിതാസെല്ലിലും വിശ്രമകേന്ദ്രങ്ങളും പേരാമ്പ്ര പോലീസ് സ്റ്റേഷൻ പരിസരത്ത് ഡോഗ് സ്‌ക്വാഡ് കെന്നലും മൂന്നാറിൽ നവീകരിച്ച കൺട്രോൾ റൂം സംവിധാനവും നിലവിൽ വന്നു.

കാസർഗോഡ്, ചീമേനി, ബദിയടുക്ക, വിദ്യാനഗർ പോലീസ് സ്റ്റേഷനുകളിലെയും കാസർഗോഡ് ഡിവൈ.എസ്.പി ഓഫീസിലെയും സന്ദർശകമുറികളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. വനിതാ ബറ്റാലിയനിലെ മെസ് ബാരക്ക്, ആയുധപ്പുര, അംഗൻവാടി, റിക്രിയേഷൻ സെൻറർ എന്നിവയും അരീക്കോട് സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ വനിതാ ബാരക്കും കേരളാ പോലീസ് അക്കാഡമിയിലെ വെറ്റിനറി ക്ലിനിക്കുമാണ് പോലീസിന് ലഭിച്ച മറ്റ് കെട്ടിടങ്ങൾ.

സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, എ.ഡി.ജി.പി മാരായ വിജയ്.എസ്.സാഖ്‌റെ, മനോജ് എബ്രഹാം, പോലീസ് ആസ്ഥാനത്തെ ഡി.ഐ.ജി എസ്.ശ്യാംസുന്ദർ എന്നിവരും മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഓൺലൈൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിൽ നടന്ന ചടങ്ങിൽ മന്ത്രിമാരും എം.പിമാരും എം.എൽ.എമാരും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

 

- Advertisement -

Leave A Reply

Your email address will not be published.