Ultimate magazine theme for WordPress.

വിദ്യാർത്ഥികളെ സ്‌കൂളിലെത്തിക്കൽ; ‘കെ.എസ്.ആർ.ടി.സി സാധ്യത’കളും പരിശോധിക്കുന്നു

0

 

 

തിരുവനന്തപുരം: സ്‌കൂൾ ബസുകളുടെ അറ്റകുറ്റപ്പണിയുടെയും ലഭ്യതയുടെയും കാര്യത്തിലടക്കം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി ബസുകളുടെ സേവനം പ്രയോജനപ്പെടുത്തുന്ന കാര്യം പരിശോധിക്കുന്നു. കുട്ടികൾക്ക് മാത്രമായുള്ള ബസ് സർവീസുകളുടെ സാധ്യത ആരായുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ-ഗതാഗത മന്ത്രിമാർ ചൊവ്വാഴ്ച ചർച്ച നടത്തുമെന്നാണ് വിവരം.

- Advertisement -

സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടാൽ വിദ്യാർഥികൾക്ക് യാത്രാ സൗകര്യമൊരുക്കുന്നതിനായി ആവശ്യമെങ്കിൽ കെ.എസ്.ആർ.ടി.സി ‘സ്റ്റുഡൻറ് ബോണ്ട് സർവിസ്’ ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി ആൻറണി രാജു വ്യക്തമാക്കിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥരടക്കം സ്ഥിരം യാത്രക്കാർക്കായി നിലവിൽ ബോണ്ട് സർവീസുകൾ കെ.എസ്.ആർ.ടി.സി നടത്തുന്നുണ്ട്. നിശ്ചിത നിരക്ക് നിശ്ചയിച്ചാകും സർവീസുകൾ.

അതേ സമയം സ്‌കൂൾ വാഹനങ്ങളുടെ സ്ഥിതി സംബന്ധിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചൊവ്വാഴ്ചയോ ബുധനാഴ്ചയോടെ ലഭിക്കുമെന്നാണ് കരുതുന്നതെന്നും വി. ശിവൻകുട്ടി പറഞ്ഞു. തുടർന്ന്, എം.എൽ.എമാരും എം.പിമാരും പഞ്ചായത്ത് പ്രസിഡൻറുമാരുടെയും സഹകരണം ഉറപ്പുവരുത്താൻ വിദ്യാഭ്യാസ വകുപ്പ് തന്നെ നേരിട്ട് ഇടപെടും. ഇത്തരം ഇടപെടലുകളിലൂടെ സ്‌കൂൾ വാഹനങ്ങളുടെ പ്രശ്‌നം പരിഹരിക്കാനാകും.

വിവിധ തലങ്ങളിലെ യോഗം, സ്‌കൂൾ തലത്തിലുള്ള യോഗം എന്നിവ വിളിച്ചുചേർക്കും. ചിലയിടങ്ങളിൽ വാഹന സൗകര്യമൊരുക്കാൻ കഴിയാത്ത വിധം പി.ടി.എക്ക് ഫണ്ട് കുറവായ സ്ഥലങ്ങളിൽ പൊതുജനങ്ങളും സന്നദ്ധ സംഘടനകളുമെല്ലാം സഹായിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളുടെ യാത്രാ കൺസഷന്റെ കാര്യത്തിൽ സ്‌കൂളുകളും കോളേജുകളും തുറക്കുന്നതിനുമുമ്പ് തന്നെ തീരുമാനമുണ്ടാക്കാനാണ് ഗതാഗതവകുപ്പിന്റെ നീക്കം.

 

 

- Advertisement -

Leave A Reply

Your email address will not be published.