Ultimate magazine theme for WordPress.

കർഷകർക്ക് ഒപ്പം നിന്നത് കേരളം മാത്രമോ? കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ ഭാരത് ബന്ദ് പൂർണ്ണമായില്ല, പലയിടത്തും സാധാരണ നിലയിൽ കാര്യങ്ങൾ നടന്നുവെന്ന് റിപ്പോർട്ട്

0

ദില്ലി: കർഷകരുടെ ഭാരത് ബന്ദിന് വിചാരിച്ച പിന്തുണ കിട്ടിയില്ലെന്ന് റിപ്പോർട്ട്. പലയിടത്തും സാധാരണ നിലയിൽ കാര്യങ്ങൾ നടന്നുവെന്നാണ് വ്യക്തമാകുന്നത്. കാർഷിക നിയമം കേന്ദ്രം നടപ്പാക്കി ഒരു വർഷം പിന്നിടുന്ന വേളയിലായിരുന്നു കർഷകർ ഭാരത ബന്ദ് പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതൽ വൈകീട്ട് നാല് മണിവരെയായിരുന്നു ഭാരത് ബന്ദ് നടന്നത്. ചിലയിടങ്ങളിൽ റോഡുകൾ ബ്ലോക് ചെയ്തും ഗതാഗതം തടസപ്പെടുത്തിയും പ്രതിഷേധങ്ങൾ നടന്നിരുന്നു. എന്നാൽ ബന്ദ് കാര്യമായി എവിടെയും ഏറ്റില്ലെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

പലയിടത്തും ബന്ദിന്റെ പ്രതിഫലനം പോലുമുണ്ടായിരുന്നില്ലെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലൊഴികെ ബന്ദിന്റെ പ്രതീതി മറ്റൊരു സംസ്ഥാനത്തും ഇല്ലായിരുന്നു. പലയിടത്തും കനത്ത മഴയുണ്ടായിട്ടും ട്രാഫിക് കുരുക്ക് ഉണ്ടായി. മുംബൈയിൽ മാളുകളും കടകളുമെല്ലാം സാധാരണ നിലയിൽ തന്നെ പ്രവർത്തിച്ചു. ഇതിന്റെ വീഡിയോയും പുറത്തുവിട്ടുണ്ട്. ഒരുസ്ഥലത്തും ഗതാഗതം തടസ്സപ്പെട്ടിട്ടില്ല. ഭാരത് ബന്ദിന്റെ ലക്ഷണം പോലും മുംബൈയിൽ കാണാനില്ലെന്നാണ് ട്വിറ്ററിലെ പ്രതികരണം. നോ ഭാരത് ബന്ദ് എന്ന ഹാഷ്ടാഗും ട്രെൻഡിംഗിലാണ്.

- Advertisement -

കോൺഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിൽ പോലും ഭാരത് ബന്ദ് പരാജയപ്പെട്ടെന്നും, ആരും അതിനെ സ്വീകരിച്ചില്ലെന്നും ഒരാൾ ചൂണ്ടിക്കാണിച്ചു. മഹാരാഷ്ട്രയിൽ മാത്രമല്ല പല സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് സാഹചര്യം.മധ്യപ്രദേശിലും ഭാരത് ബന്ദ് യാതൊരു ചലനവും ഉണ്ടാക്കിയില്ല. എല്ലാ പ്രവർത്തനവും സാധാരണ നിലയിൽ തന്നെ നടന്നു. ഭോപ്പാലിലും ഇൻഡോറിലും തിരക്കേറിയ ദിവസം കൂടിയായിരുന്നു കടന്നുപോയതെന്ന് ചിലർ ചൂണ്ടിക്കാണിച്ചു.

പഞ്ചാബിൽ മാത്രമാണ് പ്രതിഷേധം നടന്നതെന്നും, ഹരിയാനയിലും യുപിയിലും യാതൊരു ചലനവും ബന്ദിനെ തുടർന്ന് ഉണ്ടായിട്ടില്ലെന്നും ബിജെപി അനുയായികൾ പറയുന്നു. വ്യാജ സമരത്തിന് ഇന്ത്യയിലെവിടെയും പിന്തുണ ലഭിച്ചില്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.യോഗേന്ദ്ര യാദവിന് അടക്കം പരിഹാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഒഡീഷയിൽ ട്രെയിൻ തടഞ്ഞുവെന്ന യോഗേന്ദ്ര യാദവിന്റെ ട്വീറ്റിനായിരുന്നു പരിഹാസം. മറ്റൊരാൾ ഭാരത് ബന്ദ് എവിടെയുമില്ലെന്നും, താൻ രണ്ട് മണിക്കൂർ കൂടുതൽ ജോലി ചെയ്യുമെന്നും, കഴിവില്ലാത്ത ആളുകൾ രാജ്യം തകർക്കാൻ ഇറങ്ങിയത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഇയാൾ കുറിച്ചു.

എന്നാൽ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് ഭാരത് ബന്ദ് വിജയകരമായിരുന്നുവെന്നാണ് അവകാശപ്പെടുന്നത്. എല്ലാ അടച്ചിടാൻ വേണ്ടിയല്ല ഈ ബന്ദ് നടത്തിയത്. ജനങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. സർക്കാരുമായുള്ള ചർച്ചയ്ക്കാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും ടിക്കായത്ത് പറഞ്ഞു.അതേസമയം ദില്ലിയിലും കാര്യമായ ചലനങ്ങളൊന്നും ബന്ദിനെ തുടർന്നുണ്ടായിട്ടില്ല. മാർക്കറ്റുകൾ എല്ലാം തുറന്നിരുന്നു. എന്നാൽ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. ട്രാഫിക് കുരുക്കായിരുന്നു ഇതിന്റെ കാരണം.

പോലീസ് പ്രശ്നങ്ങളൊന്നുമുണ്ടാവാതിരിക്കാൻ പല പ്രധാന റോഡുകളും അടിച്ചിരുന്നു. നഗരാതിർത്തി കടക്കാൻ യാത്രക്കാർ നന്നായി ബുദ്ധിമുട്ടി. ദില്ലി-ഗുർഗാവ് അതിർത്തിയിലായിരുന്നു വലിയ കുരുക്ക് അനുഭവപ്പെട്ടത്. തിക്രി അതിർത്തിക്ക് സമീപമുള്ള ദില്ലി മെട്രോ സ്റ്റേഷൻ സുരക്ഷാ പ്രശ്നത്തെ തുടർന്ന് അടച്ചിട്ടു.ദില്ലിയിലെ മാർക്കറ്റുകൾ ബന്ദിന്റെ യാതൊരു സ്വാധീനവുമുണ്ടായിരുന്നില്ലെന്ന് അഖിലേന്ത്യ ട്രേഡേഴ്സ് കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു.

അതേസമയം പിന്തുണ പ്രഖ്യാപിച്ച ഓട്ടോ-ടാക്സി യൂണിയനുകളും മറ്റ് തൊഴിലാളി സംഘടനകളും കാര്യമായിട്ടുള്ള ഇടപെടൽ ഒന്നും നടത്തിയില്ല. ഇവരൊന്നും ബന്ദിന്റെ ഭാഗമായില്ല. കൊവിഡിനെ തുടർന്ന് ഇവരുടെ ജീവിതം തന്നെ താളം തെറ്റിക്കുന്ന നിൽക്കുന്ന സമയത്ത് ആരും പണിമുടക്കാൻ തയ്യാറായില്ല. ജന്ദർ മന്ദറിൽ ചിലർ ഐക്യദാർഢ്യം പ്രകടിപ്പിച്ചെത്തിയിരുന്നു. ബിജെപി ഇതര പാർട്ടികൾ മഹാരാഷ്ട്രയിൽ അടക്കം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അസമിലും കാര്യമായ പ്രതിഫലനമൊന്നും ഉണ്ടായില്ല.

- Advertisement -

Leave A Reply

Your email address will not be published.