അട്ടപ്പാടി: അട്ടപ്പാടിയിൽ ആദിവാസി ദമ്പതികൾക്ക് നേരെ അയൽവാസി വെടിവച്ചു. പശുക്കളെ മേയ്ക്കാൻ കൃഷിയിടത്തിൽ ഇറങ്ങിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ചെല്ലി, നഞ്ചൻ എന്നിവർക്ക് നേരെ അയൽവാസി വെടിയുതിർക്കുകയായിരുന്നു. ഇരുവരും നൽകിയ പരാതിയിൽ പാടവയൽ പഴത്തോട്ടം സ്വദേശി ഈശ്വരസ്വാമി കൗണ്ടറെ(60) അഗളി പോലിസ് അറസ്റ്റ് ചെയ്തു.
മഞ്ചിക്കണ്ടി പഴത്തോട്ടത്ത് ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കഴിഞ്ഞ കുറച്ചു കാലമായി ഈശ്വരന്റെ സ്ഥലത്തേക്ക് അയൽവാസിയായ ചെല്ലിയുടെ കന്നുകാലികൾ കയറുന്നതിനെ ചൊല്ലി തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഇതെച്ചൊല്ലി ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടയിൽ ഈശ്വരൻ കയ്യിലുള്ള എയർ ഗൺ ഉപയോഗിച്ച് മൂന്ന് വട്ടം വെടിയുതിർക്കുകയായിരുന്നു.
- Advertisement -
തോക്കുമായെത്തുന്നത് കണ്ട് അടുത്തുള്ള മരക്കൂട്ടത്തിലേക്ക് ഓടിമറഞ്ഞതിനാൽ വെടിയേൽക്കാതെ രക്ഷപെട്ടെന്ന് ദമ്ബതികൾ പറഞ്ഞു. ഇന്നലെ രാത്രിയോടെ തോക്ക് കണ്ടെത്തുകയും ഈശ്വരന്റെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇയാൾക്കെതിരെ വധശ്രമത്തിനും ആയുധം കൈവശം വെച്ചതിനും കേസ് എടുത്തതായി അഗളി സിഐ അറിയിച്ചു. എസ്.ഐ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടികൾ പൂർത്തിയാക്കിയത്.
- Advertisement -