രക്തദാന ദിനത്തോട് അനുബന്ധിച്ച് സന്നദ്ധ രക്തദാനത്തിൽ പങ്കാളിയായി ആരോഗ്യമന്ത്രി വീണാ ജോർജ്. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വെച്ചാണ് രക്തദാനം ചെയ്തത്.
സംസ്ഥാനത്ത് പ്രതിവർഷം ആവശ്യമായി വരുന്ന രക്തത്തിൽ സന്നദ്ധ സേവനത്തിലൂടെയുള്ള രക്തദാനം 100 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് പ്രതിവർഷം ശരാശരി നാല് ലക്ഷം യൂണിറ്റ് രക്തമാണ് ആവശ്യമായി വരുന്നത്. അതിൽ 80 ലേറെ സന്നദ്ധ രക്തദാനത്തിലൂടെ നിറവേറ്റാൻ കഴിയുന്നുണ്ട്. ഇത് 100 ശതമാനത്തിൽ എത്തിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടത്തണം. സന്നദ്ധ രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ദേശീയ സന്നദ്ധ രക്തദാന ദിനം ആചരിക്കുന്നത്. ‘രക്തം ദാനം ചെയ്യൂ ലോകത്തിന്റെ സ്പന്ദനം നിലനിർത്തൂ’ എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. എല്ലാവരും സന്നദ്ധ രക്തദാനത്തിന് മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു.
- Advertisement -
ദേശീയ സന്നദ്ധ രക്തദാന ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ ഒന്നിന് ഉച്ചയ്ക്ക് 12.15ന് തിരുവനന്തപുരം ഗോർക്കി ഭവനിൽ വച്ച് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ആരോഗ്യ വകുപ്പ്, കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി, ബ്ലഡ് ബാങ്കുകൾ, രക്തദാന സംഘടനകൾ എന്നിവ സംയുക്തമായി ‘സസ്‌നേഹം സഹജീവിക്കായി’ എന്ന പേരിൽ ഒരു ക്യാമ്പയിനും ആരംഭിക്കുന്നുണ്ട്.
സന്നദ്ധ രക്തദാന മേഖലയിൽ സ്തുത്യർഹമായ സേവനം നടത്തിയ സംഘടനകൾക്കുള്ള അവാർഡുകൾ ഇതോടൊപ്പം പ്രഖ്യാപിക്കുന്നു. ഇതിനോടനുബന്ധിച്ച് വിദഗ്ധർ ഉൾപ്പെട്ട പാനൽ ഡിസ്‌കഷൻ, വെബിനാർ സീരിസ്, രക്തദാന ക്യാമ്പുകൾ, വിവിധ മത്സരങ്ങൾ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
- Advertisement -