കൊച്ചി: വിനോദസഞ്ചാരത്തിന്റെ ആഗോള ലക്ഷ്യസ്ഥാനമായി കേരളത്തെ അടയാളപ്പെടുത്താൻ ലക്ഷ്യമിട്ട് ടൂറിസം വകുപ്പ്. എല്ലാ പഞ്ചായത്തിലും മുൻസിപ്പാലിറ്റികളിലും ഒന്നിൽ കുറയാത്ത ടൂറിസം കേന്ദ്രങ്ങളുണ്ടാകണമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
ഇതിന്റെ നടത്തിപ്പിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തുല്യപങ്കാളിത്തം ഉറപ്പുവരുത്തി മുന്നോട്ടു പോകാനാണ് വകുപ്പിന്റെ തീരുമാനം. ഈ കേന്ദ്രങ്ങളിലെല്ലാം താമസ സൗകര്യം ഏർപ്പെടുത്തുക എന്നത് അസാധ്യമാണ്. അതിനുള്ള പരിഹാരം കൂടിയാണ് ‘കാരവാൻ ടൂറിസം’ എന്നും അദ്ദേഹം പറഞ്ഞു.
- Advertisement -
കൊച്ചിയിൽ കാരവാൻ ടൂറിസം നയവുമായി ബന്ധപ്പെട്ട് ടൂറിസം-ഗതാഗത വകുപ്പുകൾ സംസ്ഥാനത്തെ ആർ.ടി.ഒ.മാർക്കായി നടത്തിയ ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു-സ്വകാര്യ മാതൃകയിൽ യാഥാർഥ്യമാകുന്ന പദ്ധതിയിൽ സ്വകാര്യ നിക്ഷേപകരും ടൂർ ഓപ്പറേറ്റർമാരും പ്രാദേശിക സമൂഹവും പങ്കാളികളാകും. കാരവാൻ യാത്രയും കാരവാൻ പാർക്കിങ്ങും ഉൾപ്പെടുന്ന രണ്ട് മേഖലകളിലായാണ് കാരവാൻ ടൂറിസം നിലവിൽ വരുന്നത്.
സൗകര്യങ്ങളേറെ
സോഫ-കം-ബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ് അവൻ, ഡൈനിങ് ടേബിൾ, ടോയ്‌ലറ്റ് ക്യുബിക്കിൾ, ഡ്രൈവർ കാബിനുമായുള്ള വിഭജനം, എ.സി., ഇന്റർനെറ്റ് കണക്ഷൻ, ഓഡിയോ വീഡിയോ സൗകര്യങ്ങൾ, ചാർജിങ് സംവിധാനം, ജി.പി.എസ്. തുടങ്ങി സുഖപ്രദമായ താമസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ടൂറിസം കാരവാനുകളിൽ ക്രമീകരിക്കും.
അതിഥികളുടെ പൂർണ സുരക്ഷ ഉറപ്പാക്കുന്നതിന് കാരവാനുകൾ ഐ.ടി. അധിഷ്ഠിത തത്സമയ നിരീക്ഷണ പരിധിയിലായിരിക്കും. സംസ്ഥാനത്ത് മുഴുവൻ യാത്രചെയ്യാനുള്ള അനുമതിയായിരിക്കും വാഹനത്തിന് നൽകുക.
കുടക്കീഴിലാക്കാം സാധ്യതകൾ
കേരളത്തിൽ ഏറെ പരീക്ഷിക്കാത്ത സാധ്യതകളിലേക്ക് ടൂറിസം വകുപ്പ് മുന്നിട്ടിറങ്ങിക്കഴിഞ്ഞു. ഫാം ടൂറിസം, ആയുർവേദ ടൂറിസം, സ്‌പോർട്‌സ് ടൂറിസം, ഫോറസ്റ്റ് ടൂറിസം അങ്ങനെ പോകുന്നു സാധ്യതകൾ. ഫാം ടൂറിസത്തിന്റെ സാധ്യതകളെക്കുറിച്ച വിശദമായ പഠനങ്ങൾ നടന്നുവരികയാണ്.
താമസിയാതെ പുതിയ പദ്ധതികൾ ടൂറിസം വകുപ്പ് പ്രഖ്യാപിക്കും. പുറംലോകത്തിന് പരിചിതമല്ലാത്ത 500-ലേറെ ടൂറിസം സാധ്യതാ കേന്ദ്രങ്ങളുടെ പട്ടിക തയ്യാറായിക്കഴിഞ്ഞു.
- Advertisement -