Ultimate magazine theme for WordPress.

പെൺകുട്ടികളെ ‘കെട്ടിച്ചയക്കുന്നു’ എന്ന രീതിയിൽ വിവാഹപ്പന്തതിലേക്ക് തള്ളിവിടുകയല്ല വേണ്ടത്: പി. സതീദേവി

0

തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വനിതാ കമീഷൻ നിയമം അനുശാസിക്കുന്ന വിധത്തിൽ ത്രിതല പഞ്ചായത്തുകളുടെ ഭാഗമായി പ്രവർത്തിച്ചുവരുന്ന ജാഗ്രതാ സമിതികൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേരള വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. വനിതാ കമീഷൻ അധ്യക്ഷയായി ചുമതലയേറ്റശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അഡ്വ. പി.സതീദേവി.

സർക്കാർ ജീവനക്കാർ ഉൾപ്പെടെ സ്ത്രീധനത്തിനുവേണ്ടി സ്ത്രീകളെ പീഡിപ്പിക്കുകയും ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന പ്രവണത കൂടിവരികയാണ്. ഈ സാഹചര്യത്തിൽ സ്ത്രീധനത്തിനെതിരായ കാംപെയ്ൻ വനിതാ കമ്മിഷൻ, വനിതാ ശിശു വികസന വകുപ്പ്, സാംസ്‌കാരിക വകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകൾ വ്യാപകമായി സംഘടിപ്പിച്ചുവരുന്നു. പെൺകുട്ടികളെ ‘കെട്ടിച്ചയക്കുന്നു’ എന്ന രീതിയിൽ വിവാഹപ്പന്തതിലേക്ക് തള്ളിവിടുകയല്ല വേണ്ടത് അവൾക്ക് പരമാവധി ഉന്നത വിദ്യാഭ്യാസം നൽകി അവൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവ് ആർജിക്കുന്നതിനുള്ള സഹായം ഒരുക്കുകയാണ് രക്ഷിതാക്കൾ ചെയ്യേണ്ടത്.

- Advertisement -

കോളജുകളിൽ ചേരുന്നതിനും ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും സ്ത്രീധനം വാങ്ങുകയില്ലെന്ന സത്യവാങ്മൂലം വിദ്യാർഥികൾ നൽകണമെന്ന ഗവർണറുടെ നിർദേശം ശ്ലാഘനീയമാണ്. സമൂഹത്തിലെ ലിംഗപരമായ അസമത്വം ഇല്ലാതാക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് പാഠ്യപദ്ധതിയിലുൾപ്പെടെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എങ്കിലും ലിംഗപരമായ അസമത്വം പൂർണമായും അവസാനിച്ചു എന്നു പറയാറായിട്ടില്ല. തൊഴിലിടങ്ങളിൽ തുല്യജോലിക്ക് തുല്യവേതനം എന്ന അവകാശം പോലും സ്ത്രീകൾക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. ജുഡീഷ്യറിയിലൂൾപ്പെടെ ലിംഗപരമായ സമത്വത്തിനായി പ്രയത്നിക്കേണ്ടതുണ്ട്. അർധ ജുഡീഷ്യൽ സ്വഭാവമുള്ള കേരള വനിതാ കമ്മിഷന് സ്ത്രീകളുടെ അവകാശ പരിരക്ഷ കൂടുതൽ ഉറപ്പുവരുത്താൻ ഉതകുന്ന വിധത്തിൽ കമ്മിഷൻ ആക്ട് ഭേദഗതി വരുത്തുന്നതിന് നിയമവിദഗ്ധരുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കും.

രാവിലെ 9.50 ഓടെ കമ്മിഷൻ ആസ്ഥാനത്തെത്തിയ അഡ്വ. പി. സതീദേവിയെ മെമ്ബർ സെക്രട്ടറി പി. ഉഷാറാണിയും ജീവനക്കാരും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഓഫീസിലെത്തിയ അധ്യക്ഷയെ കമ്മിഷൻ അംഗങ്ങളായ അഡ്വ.എം.എസ്.താര, അഡ്വ. ഷിജി ശിവജി. ഷാഹിദാ കമാൽ എന്നിവർ സ്വകരിച്ചു. ചുമതലയേറ്റെടുത്ത ശേഷം അധ്യക്ഷ മറ്റ് അംഗങ്ങൾക്കും സെക്രട്ടറിക്കുമൊപ്പം ജീവനക്കാരെ അവരവരുടെ സീറ്റുകളിൽചെന്ന് കണ്ട് പരിചയപ്പെട്ടു.

- Advertisement -

Leave A Reply

Your email address will not be published.