പ്രായപൂർത്തിയാകാത്ത ഡ്രൈവർമാരെ പിടികൂടാൻ വ്യാപക പരിശോധന; പിഴക്കൊപ്പം കുട്ടിക്കും രക്ഷാകർത്താക്കൾക്കെതിരെ കേസും
കാക്കനാട്: പ്രായപൂർത്തിയാകാത്ത മക്കളെ നിരത്തിൽ വിലസാൻ വിട്ടാൽ മാതാപിതാക്കൾ വലിയ വില കൊടുക്കേണ്ടി വരും. ചോദിക്കുമ്പോൾ കൂടുതൽ ഒന്നും ആലോചിക്കാതെ വാഹനം കൊടുത്തുവിടുന്ന മാതാപിതാക്കൾ ഇനി ശരിക്കും ജാഗ്രതൈയിലാവണം. കുട്ടിഡ്രൈവർമാരെ പിടിക്കാൻ കർശന പരിശോധനയുമായി അധികൃതർ.
പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ വൻ പിഴയാണ് നിങ്ങളെ കാത്തിരിക്കുന്നത്. പിഴക്കൊപ്പം കുട്ടിക്കും രക്ഷാകർത്താക്കൾക്കെതിരെ കേസും കൂട്ടവും കൂടെയെത്തും. കുട്ടി ഡ്രൈവർമാരെ പിടിക്കാൻ മോടോർ വാഹന വകുപ്പ് അരയും തലയും മുറുക്കി രംഗത്തെത്തിയിട്ടുണ്ട്. എൻഫോഴ്സ്മെന്റ് ആർ ടി ഒ അനന്തകൃഷ്ണന്റെ നിർദേശപ്രകാരം വ്യാപക പരിശോധനയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടക്കുന്നത്.
- Advertisement -
കഴിഞ്ഞ ദിവസം കാറും ബൈകും കൂട്ടിയിടിച്ച് 16കാരനായ വിദ്യാർഥി മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വാഹനങ്ങളുമായി പുറത്തിറങ്ങുന്ന കുട്ടികളെ പിടികൂടാൻ മോടോർ വാഹന വകുപ്പ് തീരുമാനിച്ചത്. പിടികൂടിയാൽ 25,000 രൂപ പിഴ ഇനത്തിൽ ഈടാക്കും. കുട്ടിക്കും രക്ഷാകർത്താക്കൾക്കുമെതിരെ വേറെ വേറെ കേസുകൾ രെജിസ്റ്റർ ചെയ്യും. ഇത്തരത്തിൽ കേസിൽപെടുന്ന കുട്ടികൾക്ക് പിന്നീട് ഡ്രൈവിങ് ലൈസൻസ് നേടണമെങ്കിൽ 25 വയസുവരെ കാത്തിരിക്കേണ്ടിവരും.
കുട്ടിഡ്രൈവർമാരെ വലയിലാക്കാൻ മോടോർ വാഹന വകുപ്പ് ആരംഭിച്ച പരിശോധനയിൽ ആദ്യ ദിവസമായ വെള്ളിയാഴ്ചതന്നെ പിടികൂടിയത് 16കാരനെ. കളമശ്ശേരിക്ക് സമീപത്താണ് പാൽ വാങ്ങാനെന്ന് പറഞ്ഞ് സ്‌കൂടറുമായി ഇറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ മോടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പൊക്കിയത്. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് നീക്കം.
- Advertisement -