Ultimate magazine theme for WordPress.

ചോരയിൽ കുളിച്ച് ഉമ്മയും അനുജനും, ആഷ്മി കുതറിയോടി; ഏലത്തോട്ടത്തിൽ ഒളിച്ചത് മണിക്കൂറുകൾ

0

അടിമാലി: കുടുംബവഴക്കിനെത്തുടർന്ന് ആറുവയസ്സുകാരനെ യുവാവ് ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്നു. അടിയേറ്റ് കുട്ടിയുടെ മാതാവിനും പിതൃമാതാവിനും പരിക്കേറ്റു. സംഭവംകണ്ട പെൺകുട്ടി ഇരുട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.

ആനച്ചാൽ ആമക്കണ്ടം വടക്കേതാഴെ റിയാസിന്റെ മകൻ അൽത്താഫാണ് കൊല്ലപ്പെട്ടത്. മാതാവ് സഫിയ (45), പിതൃമാതാവ് സൈനബ(70) എന്നിവർക്കാണ് അടിയേറ്റത്. ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സഫിയയുടെ നില ഗുരുതരമാണ്. സഫിയയുടെ മൂത്തമകൾ ആഷ്മി (14)യാണ് ഓടി രക്ഷപ്പെട്ടത്.

- Advertisement -

പ്രതിയെന്ന് സംശയിക്കുന്ന, സഫിയയുടെ സഹോദരി ഷൈലയുടെ ഭർത്താവ് ഷാൻ (സുനിൽ ഗോപി) പിടിയിലായി. മുതുവാൻകുടി ഫോഗ് റിസോർട്ടിന് സമീപത്തെ കാട്ടിൽ ഇയാൾ പകൽ ഒളിച്ചിരുന്നു. സന്ധ്യ ആയപ്പോൾ റോഡിലെത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് വെള്ളത്തൂവൽ പോലീസ് പിടികൂടിയത്.

ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെ ആനച്ചാൽ ആമക്കണ്ടത്താണ് സംഭവം. പത്തുസെന്റ് ഭൂമിയിലെ മൂന്ന് ഷെഡ്ഡുകളിലാണ് ബന്ധുക്കളായ മൂന്ന് കുടുംബങ്ങൾ കഴിഞ്ഞിരുന്നത്. ഇതിന്റെ അതിര് സംബന്ധിച്ച തർക്കത്തിൽ മൂന്ന് കേസുകൾ വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിലുണ്ട്.

ഒരുവീട്ടിൽ സഫിയയും രണ്ട് മക്കളും, സമീപം സഫിയയുടെ സഹോദരി ഷൈലയും, താഴെയുള്ള ഷെഡ്ഡിൽ അമ്മ സൈനബയുമാണ് താമസിച്ചിരുന്നത്. സഫിയയുടെ ഭർത്താവ് മൂന്നുവർഷമായി മൂന്നാറിലാണ്. സഹോദരിമാർ തമ്മിലുള്ള കലഹംമൂലം ഷൈല അടുത്തിടെ ഇവിടെനിന്ന് താമസംമാറി.

പ്രതി ഷാൻ, കുടുംബ കലഹത്തെത്തുടർന്ന് ഭാര്യയുമായി അകന്നുകഴിയുകയായിരുന്നു. ഈ അകൽച്ചയ്ക്ക് കാരണം ഭാര്യയുടെ സഹോദരിയും മാതാവുമാണെന്ന് ഷാൻ വിശ്വസിച്ചു. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. പീരുമേട്ടിൽ ഭാര്യയും കുട്ടികളുമുള്ള പ്രതി ഷാൻ, അമ്പഴച്ചാലിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെ പ്രതി ഭാര്യാസഹോദരി സഫിയയുടെ വീട്ടിലെത്തി. വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ സഫിയയെയും ഉറങ്ങിക്കിടന്ന അൽത്താഫിനെയും ഷാൻ ചുറ്റികകൊണ്ട് അടിക്കുകയായിരുന്നു.

ഏലത്തോട്ടത്തിന് സമീപമാണ് ഇവർ താമസിച്ചിരുന്നത്. ഇവിടെ നടപ്പാതയില്ല. പകൽപോലും ഇവിടേക്ക് ആരുമെത്താറില്ല. രക്ഷപ്പെട്ട പെൺകുട്ടി അയൽവാസികളെ അറിയിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. സഫിയയുടെയും അൽത്താഫിന്റെയും തലയ്ക്കടിച്ച പ്രതി അവിടെനിന്നും ചുറ്റികയുമായി താഴെ സൈനബയും ആഷ്മിയും ഉറങ്ങിക്കിടന്നിരുന്ന ഷെഡ്ഡിലെത്തി. സൈനബയുടെ തലയിലും ദേഹത്തും മുഖത്തും ചുറ്റികകൊണ്ട് അടിച്ചു. ബഹളംകേട്ട് ആഷ്മി ഉണർന്നു. അവൾ ഉച്ചത്തിൽ കരഞ്ഞു.ഇതോടെ പ്രതി ഷാൻ, ആഷ്മിയെ വലിച്ചിഴച്ച് അടുത്തവീട്ടിലെത്തിച്ച് രക്തത്തിൽ കുളിച്ചുകിടക്കുന്ന സഫിയയെയും അൽത്താഫിനെയും കാണിച്ചുകൊടുത്തു. വീണ്ടും വലിച്ചിഴച്ച് വീടിന് താഴെയുള്ള വിജനമായ സ്ഥലത്തെത്തിച്ചു. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടയിൽ, ആഷ്മി ഓടിരക്ഷപ്പെട്ടു.

ഞായറാഴ്ച രാവിലെയാണ് അയൽവാസിയെ വിവരം അറിയിച്ചത്. നാട്ടുകാരാണ് പരിക്കേറ്റ മൂവരെയും ആശുപത്രിയിലെത്തിച്ചത്. വെള്ളത്തൂവൽ സി.ഐ. ആർ.കുമാറിന്റെ നേതൃത്വത്തിൽ മേൽനടപടികൾ പൂർത്തിയാക്കി. മൃതദേഹപരിശോധയ്ക്കുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ജീവൻ രക്ഷിക്കാൻ ആഷ്മി ഒളിച്ചിരുന്നത് മൂന്ന് മണിക്കൂറോളം…

അടിമാലി: ക്രൂരകൃത്യം നേരിൽകണ്ടതിന്റെ ഞെട്ടലിൽനിന്നു ജീവൻ രക്ഷിക്കാൻ ഏലത്തോട്ടത്തിലെ ഇരുട്ടിൽ ആഷ്മി ഒളിച്ചിരുന്നത് മൂന്ന് മണിക്കൂറോളം സമയം. ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ക്രൂരകൃത്യം നടന്നത്.

വല്യമ്മയുടെ വീട്ടിലായിരുന്നു രാത്രി ആഷ്മി കിടന്നിരുന്നത്. ഉമ്മയെയും, അനുജനെയും ചുറ്റികകൊണ്ട് തലയ്ക്കടിച്ചതിന് ശേഷം പ്രതിയായ ഷാൻ സമീപത്തെ വല്യമ്മയുടെ വീട്ടിൽ എത്തി. വല്യമ്മയെയും തലയ്ക്ക് അടിച്ചു. പിന്നീട് ആഷ്മിയെ അവിടെനിന്നു വലിച്ചിഴച്ച് സ്വന്തം വീട്ടിൽ കൊണ്ടുവന്നു. ഉമ്മയും അനുജനും രക്തത്തിൽ കുളിച്ച് കിടക്കുന്ന ദൃശ്യങ്ങൾ നേരിട്ട് കാണിച്ചു. എന്നിട്ട് രാത്രിയിൽ തന്നെ ആഷ്മിയെ പ്രതി വീടിന് താഴെയുള്ള വിജനമായ സ്ഥലത്ത് കൊണ്ടുപോയി. സംഭവം പുറത്ത് പറഞ്ഞാൽ നിന്നെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ക്രൂരമായി മർദിച്ചു. ഇതിനിടയിൽ ആഷ്മി സമീപത്തെ കമ്പിവേലി ചാടിക്കടന്ന് ഏലക്കാട്ടിലൂടെ ഓടി. ഷാൻ പിന്നാലെ എത്തി. എന്നാൽ ആഷ്മിയെ കണ്ടെത്തിയില്ല. കണ്ടെത്തിയിരുന്നെങ്കിൽ ഒരുപക്ഷേ മറ്റൊരു കൊലപാതകംകൂടി നടന്നേനെ. ഏഴ് മണിയോടെ ആഷ്മി സമീപവാസിയായ ആമകണ്ടം പാറയ്ക്കൽ രാമകൃഷ്ണന്റെ വീട്ടിൽ എത്തി സംഭവം പറഞ്ഞു. ഇതോടെയാണ് ക്രൂരകൃത്യം പുറത്തറിഞ്ഞത്. രാവിലെ പോലീസിന്റെയും ജനപ്രതിനിധികളുടെയും മുൻപിൽ സംഭവം വിവരിക്കുമ്പോഴും ഈ പെൺകുട്ടി കഴിഞ്ഞ രാത്രിയിലെ ഭീതിയിൽനിന്നു മുക്തിയായിരുന്നില്ല.

പോലീസിന്റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ അവഗണിച്ചു

ഇവരുടെ കുടുംബപ്രശ്‌നവും, അതിർത്തി തർക്കവും പരിഹരിക്കാൻ പോലീസ് നൽകിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ അംഗീകരിക്കാത്തത് ഒരു പിഞ്ചുജീവൻ പൊലിയാൻ കാരണമായി. സഹോദരിമാരുടെ കുടുംബപ്രശ്‌നത്തിന് മൂന്ന് കേസുകൾ സ്റ്റേഷനിൽ ഉണ്ട്. നിരവധി തവണ പോലീസ് വീട്ടിൽ എത്തിയിട്ടുണ്ട്. സ്റ്റേഷനിൽ ഒത്തുതീർപ്പ് ഉണ്ടാക്കിയിട്ടുണ്ട്.

ഈ ചെറിയ ഭൂമി ഒരാൾ എടുത്ത് അടുത്ത കുടുംബം മാറി താമസിക്കാനും, അല്ലെങ്കിൽ ഭൂമി മുഴുവൻ വിറ്റ് പണം വീതംവെച്ച് മറ്റെവിടെയെങ്കിലും പോയി താമസിക്കാനും പോലീസ് പലതവണ പറഞ്ഞതാണ്. എന്നാൽ ഇതിന് ഇരുവരും തയ്യാറായില്ല. അതിർത്തിത്തർക്കത്തെക്കാൾ കുടുംബത്തിലെ പ്രശ്‌നങ്ങളായിരുന്നു ഇവരുടെ പ്രധാന വിഷയം. ഇത് വലിയ ദുരന്തത്തിൽ എത്തുമെന്നും പോലീസ് പലപ്പോഴും മുന്നറിയിപ്പ് ഇരുവർക്കും നൽകിയതാണ്.

ഇത് ഇരുവരും അവഗണിച്ചതാണ് ഒരു പിഞ്ചുജീവൻ നഷ്ടമാകാൻ കാരണം. പ്രദേശവാസികളുമായി വലിയ സൗഹൃദം ഈ കുടുംബത്തിന് ഇല്ല. അടുത്തെങ്ങും താമസക്കാരും ഇല്ല. ആയതിനാൽ ഇവരുടെ കുടുംബവഴക്ക് പലപ്പോഴും പോലീസ് എത്തുമ്പോഴാണ് നാട്ടുകാർ അറിയുന്നത്.

- Advertisement -

Leave A Reply

Your email address will not be published.