കോഴിക്കോട്: കേരളത്തിൽ പുതിയ ഇനം നിശാശലഭത്തെ തിരിച്ചറിഞ്ഞു. മരങ്ങൾ തുളച്ച് മുട്ടയിടുന്ന സ്വഭാവമുള്ളതിനാൽ ‘തോട്ടപ്പള്ളി തച്ചൻ’ എന്നാണ് പുതിയ ശലഭത്തിന് മലയാളത്തിൽ പേരിട്ടത്.
മലപ്പുറം ചാലിയാർ പഞ്ചായത്തിലെ കോഴിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തെ തോട്ടപ്പള്ളിയിൽ 2018 നവംബറിലാണ് ഈ ശലഭത്തെ ആദ്യമായി കാണുന്നത്. കോസിഡേ അഥവാ ‘തച്ചൻ’ കുടുംബത്തിൽപ്പെട്ടതാണിത്. സൈല്യൂടസ് രാമമൂർത്തി എന്നാണ് ശാസ്ത്രീയനാമം.
അണ്ണാമല സർവകലാശാലാ ഗവേഷകൻ എച്ച്. ശങ്കരരാമൻ, മലപ്പുറം കീഴുപറമ്പ് സ്വദേശിയും ശലഭനിരീക്ഷകനുമായ ബാലകൃഷ്ണൻ വളപ്പിൽ എന്നിവരാണ് ഈ പുതിയ നിശാശലഭത്തെ കണ്ടെത്തിയത്. കേരളത്തിലെ വടക്കൻ ജില്ലകളിൽ നടത്തിയ സർവേകളിൽ ഈ ശലഭത്തെ പലയിടങ്ങളിലും കണ്ടിട്ടുണ്ടെന്ന് ബാലകൃഷ്ണൻ വളപ്പിൽ പറഞ്ഞു. റഷ്യൻ ശലഭവിദഗ്ധനായ റോമൻ യാക്കൊലേവുമായി ചേർന്നെഴുതിയ ശലഭത്തിന്റെ ശാസ്ത്രീയ വിവരണം അന്താരാഷ്ട്ര മാസികയായ ‘സൂടാക്സ’യിൽ പ്രസിദ്ധീകരിച്ചു.