Ultimate magazine theme for WordPress.

നിയമസഭാ സമ്മേളനം; പി വി അൻവറിൻറെ അസാന്നിധ്യം വീണ്ടും ചർച്ചയാകുന്നു, ഈ നിയമസഭയിൽ ഹാജരായത് 5 ദിവസം മാത്രം

0

തിരുവനന്തപുരം: നിയമസഭാ സമ്മേളനം പുരോഗമിക്കവേ നിലമ്പൂർ എംഎൽഎ പി വി അൻവറിൻറെ അസാന്നിധ്യം വീണ്ടും ചർച്ചയാകുന്നു. പതിനഞ്ചാം കേരള നിയമസഭയുടെ ഇപ്പോൾ നടക്കുന്ന മൂന്നാം സമ്മേളനത്തിൽ അൻവർ ഇതുവരെ പങ്കെടുത്തില്ല. രണ്ടാം സമ്മേളനത്തിൽ ഒരു ദിവസം പോലും എത്തിയില്ല. അവധി അപേക്ഷ നൽകാതെയാണ് അൻവർ പങ്കെടുക്കാതിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പിവി അൻവർ എംഎൽഎയെ കാണാനില്ലെന്ന വലിയ ചർച്ചയാണ് എങ്ങും. മണ്ഡലത്തിലില്ലെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതിയും നൽകി. ബിസിനസ് ആവശ്യങ്ങൾക്കായി ആഫ്രിക്കയിലാണെന്നായിരുന്നു എംഎൽഎ എവിടെ എന്ന ചോദ്യത്തിന് അൻവറിൻറെ മറുപടി. എന്നാലിപ്പോൾ തുടർച്ചയായി നിയമസഭാ സമ്മേളനങ്ങളിലും പങ്കെടുക്കാത്ത എംഎൽഎയുടെ നടപടിയാണ് വിവാദത്തിലായിരിക്കുന്നത്.

- Advertisement -

പതിനഞ്ചാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം 12 ദിവസവും രണ്ടാം സമ്മേളനം 17 ദിവസവുമാണ് ഉണ്ടായിരുന്നത്. ഒന്നാം സമ്മേളനത്തിൽ അൻവർ പങ്കെടുത്തത് അഞ്ച് ദിവസം മാത്രം. രണ്ടാം സമ്മേളനത്തിൽ ഒരു ദിവസം പോലും വന്നില്ല. നടപ്പുസമ്മേളനത്തിൽ ഇതുവരെ എത്തിയില്ല. ഈ വിട്ടുനിൽക്കലിൽ ഒരു അവധി അപേക്ഷ പോലും നൽകാതെയാണെന്ന് വിവരാവകാശ മറുപടിയിൽ നിയമസഭാ സെക്രട്ടറിയേറ്റ് പറയുന്നു.

മൂന്ന് നിയമസഭാ സമിതികളിലും അംഗമാണ് അൻവർ. സമിതി യോഗങ്ങളിലൊന്നും അൻവർ പങ്കെടുക്കുന്നുമില്ല. ഭരണഘടനയുടെ 194 പ്രകാരം 60 ദിവസം തുടർച്ചയായി പങ്കെടുക്കാതിരുന്നാൽ എംഎൽഎയെ അയോഗ്യനാക്കാൻ സഭയ്ക്ക് അധികാരമുണ്ട്. ആ സീറ്റ് ഒഴിവ് വന്നതായി പ്രഖ്യാപിക്കും. വിട്ടുനിൽക്കൽ വിവാദമായിരിക്കെ ഈ മാസം പതിനഞ്ചോടെ എംഎൽഎ നാട്ടിലെത്തുമെന്ന് അദ്ദേഹത്തിൻറെ ഓഫീസ് അറിയിച്ചു.

- Advertisement -

Leave A Reply

Your email address will not be published.