മലപ്പുറം: മലപ്പുറം മമ്പാട് മകളോടുള്ള സ്ത്രീധന പീഡനത്തിൽ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യപ്രതി പൊലീസ് പിടിയിലായി. ഊർങ്ങട്ടിരി തഞ്ചേരി കുറ്റിക്കാടൻ അബ്ദുൽ ഹമീദ് ആണ് അറസ്റ്റിലായത്.
അരീക്കോട് കുനിയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പെൺകുട്ടിയുടെ ഭർത്താവായ പ്രതിയെ പിടികൂടിയത്. മകളെ ഉപദ്രവിക്കുന്നതിലും അപമാനിച്ചതിലുമുള്ള സങ്കടം വീഡിയോ ചിത്രീകരിച്ചശേഷമാണ് മൂസക്കുട്ടി ആത്മഹത്യ ചെയ്തത്. മൂസക്കുട്ടി വീടിനു സമീപത്തെ റമ്പർ തോട്ടത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. കഴിഞ്ഞ മാസം 23 നായിരുന്നു സംഭവം. മൂസക്കുട്ടിയുടെ മകൾ ഹിബയും ഒതായി തെഞ്ചേരി സ്വദേശി അബ്ദുൾ ഹമീദും 2020 ജനുവരി 12 നാണ് വിവാഹിതരായത്. അന്നുമുതൽ സ്ത്രീധനം കുറഞ്ഞെന്നു പറഞ്ഞുള്ള പീഡനമായിരുന്നുവെന്ന് ഹിബ പറഞ്ഞു.
- Advertisement -
വിവാഹ സമയത്തുള്ള 18 പവൻ സ്വർണാഭരണങ്ങൾ പോരാ എന്ന് പറഞ്ഞപ്പോൾ 6 പവൻ വീണ്ടും മൂസക്കുട്ടി നൽകി. അതും പോരെന്നും പത്ത് പവൻ സ്വർണാഭരങ്ങൾ കൂടി കൊടുത്താലേ പ്രസവിച്ചു കിടക്കുന്ന ഹിബയേയും കുഞ്ഞിനേയും വീട്ടിലേക്ക് കൊണ്ടുപോകുകയുള്ളൂവെന്ന് പറഞ്ഞ് അബ്ദുൾ ഹമീദ് ഹിബയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നു. ഹിബയുടെ പരാതിയിൽ നിലമ്പൂർ പൊലീസ് അബ്ദുൾ ഹമീദിനും മാതാപിതാക്കൾക്കുെമതിരെ കേസെടുത്തിരുന്നു.
- Advertisement -