Ultimate magazine theme for WordPress.

ബെഹ്‌റയെ ന്യായീകരിച്ചും സുധാകരനെതിരെ ഒളിയമ്പെയ്തും മുഖ്യമന്ത്രി, തെറ്റ് ചെയ്തവരിലേക്ക് അന്വേഷണമെത്തും

0

തിരുവനന്തപുരം: വ്യാജ പുരാവസ്തു തട്ടിപ്പ് കേസിൽ തെറ്റ് ചെയ്തവരിലേക്ക് അന്വേഷണമെത്തുമെന്നും ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആരിൽ എത്തണോ അവരിലൊക്കെ അന്വേഷണമെത്തും. ആരും ധിറുതി കാണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാവുങ്കലിന്റെ മ്യൂസിയത്തിൽ പോയ മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ ന്യായീകരിച്ചും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനെതിരെ ഒളിയമെ്ബയ്തുമാണ് പുരാവസ്തു തട്ടിപ്പിനെ കുറിച്ച് പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. പൊലീസിലെ ആരെങ്കിലും ചട്ടവിരുദ്ധമായോ അവിഹിതമായോ ചെയ്തിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകും. പ്രത്യേക സംഘം അതും അന്വേഷിക്കും. ചൂടേറിയ വാദപ്രതിവാദത്തിനുശേഷം സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു.

പുരാവസ്തുവെന്ന് കേട്ട് പോയി നോക്കിയവരും തട്ടിപ്പിന് കൂട്ടുനിന്നവരും സഹായം ചെയ്തവരുമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച പരാതിയിൽ പരാമർശിച്ചത് പൊലീസ് ഉദ്യോഗസ്ഥന്റെ പേരല്ല. വളരെ പ്രധാനപ്പെട്ട ആളുടെ സാന്നിധ്യത്തിലാണ് പണം കൊടുത്തത്. ആളുടെ പേര് വെച്ചാണ് പരാതി. ഇത് വ്യാജ നിർമിതി കാണാൻ പോയതല്ല, തട്ടിപ്പിന് കൂട്ടുനിൽക്കുന്നതാണ്. ആരെല്ലാം അവിടെ ദിവസങ്ങളോളം തങ്ങിയെന്നതും ചികിത്സക്ക് വിധേയമായെന്ന് അവകാശപ്പെടുന്നതുമെല്ലാം എല്ലാവർക്കുമറിയാം. കെ.പി.സി.സി പ്രസിഡൻറിനെ സംബന്ധിച്ച് ചില പരാമർശങ്ങൾ വന്നതിന്റെ ഉൾവിളി എന്താണെന്ന് അറിയില്ല. നിങ്ങൾക്കെന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് ഇവിടെ പരിഹരിക്കാൻ നോക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

- Advertisement -

ബെഹ്റയുടെ സന്ദർശനത്തോടെയാണ് മോൻസണിനെതിരായ അന്വേഷണത്തിന് തുടക്കം കുറിച്ചത്. ഇവരുടെ പ്രവർത്തനം അന്വേഷിക്കാൻ 2019 ജൂൺ 13ന് ബെഹ്റ ഇൻറലിജൻസിന് കത്തയച്ചു. 2019 നവംബറിൽ ഇൻറലിജൻസ് എ.ഡി.ജി.പി പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. 2019 ഡിസംബർ 21ന് ഡി.ജി.പി വീണ്ടും ഇൻറലിജൻസ് എ.ഡി.ജി.പിയോട് വിശദ റിപ്പോർട്ട് തേടി. 2020 ജനുവരി ഒന്നിനുള്ള എ.ഡി.ജി.പിയുടെ വിശദ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി അഞ്ചിന് ഡി.ജി.പി ഇ.ഡിക്ക് അന്വേഷണത്തിന് കത്ത് നൽകി.

ജീവനും സ്വത്തിനും സംരക്ഷണമാവശ്യപ്പെട്ട് ഏത് വ്യക്തി പരാതി നൽകിയാലും പ്രദേശത്ത് പ്രത്യേക ശ്രദ്ധ പൊലീസ് നൽകുന്നത് പതിവാണ്. സംശയങ്ങൾ നിലനിൽക്കുന്ന ഒരാൾ ഉൾക്കൊള്ളുന്ന മേഖലയിൽ ശ്രദ്ധവെക്കുന്നത് പൊലീസ് സാധാരണ ചെയ്തുവരുന്നതാണ്. ഇൻറലിജൻസ് റിപ്പോർട്ട് കിട്ടിയ ശേഷം മോൻസണിന്റെ വീടിന് സുരക്ഷ നൽകാൻ ഡി.ജി.പി ഉത്തരവ് നൽകിയത് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോൾ ‘അതിൽ എന്തെങ്കിലും ഉണ്ടോ’ എന്നും ഏജൻസികൾ അന്വേഷിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.