Ultimate magazine theme for WordPress.

ആര്യൻ ഖാൻ ആവശ്യപ്പെട്ടത് ശാസ്ത്രപുസ്തകങ്ങൾ; ഭക്ഷണം ‘നാഷണൽ ഹിന്ദു’ റസ്റ്റോറന്റിൽനിന്ന്

0

മുംബൈ: ലഹരിമരുന്ന് കേസിൽ എൻ.സി.ബി.യുടെ കസ്റ്റഡിയിലുള്ള ആര്യൻ ഖാൻ വായിക്കാൻ ചോദിച്ചത് ശാസ്ത്ര പുസ്തകങ്ങൾ. കസ്റ്റഡിയിൽ കഴിയുന്നതിനിടെ ആര്യൻ ഖാൻ ശാസ്ത്ര പുസ്തകങ്ങളാണ് വായിക്കാൻ ചോദിച്ചതെന്നും ആര്യന്റെ ആവശ്യപ്രകാരം എൻ.സി.ബി. ഉദ്യോഗസ്ഥർ ഇത് നൽകിയെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എൻ.സി.ബി. കസ്റ്റഡിയിൽ വീട്ടിൽനിന്നുള്ള ഭക്ഷണം അനുവദിക്കാത്തതിനാൽ ആര്യൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് ഹോട്ടലിൽനിന്നാണ് ഭക്ഷണം ഏർപ്പാടാക്കിയിരിക്കുന്നത്. എൻ.സി.ബി. ആസ്ഥാനത്തിന് സമീപത്തെ നാഷണൽ ഹിന്ദു റസ്റ്റോറന്റിൽനിന്നാണ് പ്രതികൾക്ക് ഭക്ഷണം എത്തിക്കുന്നതെന്നും ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.

- Advertisement -

അതിനിടെ, ലഹരിമരുന്ന് കേസിൽ ആര്യൻ ഖാനെയും മറ്റുള്ളവരെയും എൻ.സി.ബി. സംഘം ചോദ്യംചെയ്തുവരികയാണ്. വിശദമായ അന്വേഷണത്തിനായി ആര്യന്റെ മൊബൈൽ ഫോൺ ഗാന്ധിനഗറിലെ ഫൊറൻസിക് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനയിൽ ഫോണിൽനിന്ന് കൂടുതൽ വിവരങ്ങൾ കണ്ടെടുക്കാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.

ആഡംബര കപ്പലിൽനിന്ന് ലഹരിമരുന്ന് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരാണ് അറസ്റ്റിലായത്. ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൺമുൺ ധമേച്ച എന്നിവർക്ക് പുറമേ കപ്പലിൽ പാർട്ടി സംഘടിപ്പിച്ച ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ നാല് ജീവനക്കാരും ഇതിൽ ഉൾപ്പെടുന്നു. ആര്യൻ, അർബാസ്, മുൺമുൺ ധമേച്ച എന്നിവരെ വ്യാഴാഴ്ച വരെയാണ് എൻ.സി.ബി.യുടെ കസ്റ്റഡിയിൽവിട്ടത്. ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളെ തുടർന്ന് ലഹരിമരുന്ന് വിതരണക്കാരായ ശ്രേയസ് നായരെയും അബ്ദുൾ ഖാദർ ഷെയ്ഖിനെയും കഴിഞ്ഞദിവസം എൻ.സി.ബി. സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഒക്ടോബർ 11 വരെ എൻ.സി.ബി.യുടെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.

ലഹരിമരുന്ന് ഡാർക് വെബ്ബിൽ, ഇടപാട് ബിറ്റ്കോയിനിൽ

ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ശ്രേയസ് നായർ ലഹരിമരുന്ന് ഇടപാടുകൾ നടത്തിയിരുന്നത് ഡാർക് വെബ് വഴിയെന്ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി). ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിൻ ഉപയോഗിച്ചായിരുന്നു ഇയാളുടെ ഇടപാടുകളെന്നും ഉന്നത ബന്ധങ്ങളുള്ള ലഹരിമരുന്ന് വിതരണക്കാരനാണ് ശ്രേയസ് നായരെന്നും എൻ.സി.ബി. ഉദ്യോഗസ്ഥർ പറഞ്ഞു. ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ കഴിഞ്ഞദിവസമാണ് ശ്രേയസ് നായരെ അറസ്റ്റ് ചെയ്തത്. ഇയാൾ ഗോവൻ ബന്ധമുള്ള മലയാളിയാണെന്നും സൂചനകളുണ്ട്.

ലഹരിമരുന്ന് ഉപയോഗിച്ചവർ യാത്രയ്ക്കിടെ കോർഡെലിയ കപ്പലിൽ പ്രശ്‌നങ്ങളുണ്ടാക്കിയതായും കഴിഞ്ഞദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. ലഹരിമരുന്ന് ഉപയോഗിച്ച് ഉന്മാദാവസ്ഥയിലായ ഇവർ കപ്പലിനുള്ളിൽ ബഹളമുണ്ടാക്കുകയും അടിപിടിയുണ്ടായെന്നുമാണ് വിവരം. കപ്പലിലെ ജനൽച്ചില്ലുകൾ തകർത്തതായും വിവരങ്ങളുണ്ട്. കഴിഞ്ഞദിവസം മുംബൈയിൽ തിരിച്ചെത്തിയ കപ്പലിൽ എൻ.സി.ബി. ഉദ്യോഗസ്ഥർ വീണ്ടും പരിശോധന നടത്തിയിരുന്നു. കപ്പലിൽ യാത്ര ചെയ്തവരുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

- Advertisement -

Leave A Reply

Your email address will not be published.