വിശപ്പിന്റെ വിലയറിയുന്നവർക്ക് 20 രൂപ പൊതിച്ചോറിന്റെ മഹത്വം അറിയാം; തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ
വിശപ്പുരഹിത കേരളം എന്ന ലക്ഷ്യത്തോടെ കേരളാ സർക്കാർ തുടക്കമിട്ട പദ്ധതിയായ ജനകീയ ഹോട്ടലുകളെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മനോരമ ന്യൂസിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. ജനകീയ ഹോട്ടലിലെ ഭക്ഷണത്തിൽ ആവശ്യത്തിന് ഉപ്പേരിയില്ലെന്നും കറിയില്ലെന്നും പറഞ്ഞ് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഏറെ വൈകാതെ തന്നെ ഈ വിഷയം കേരളമൊന്നാകെ ഏറ്റെടുത്തു. ജനകീയ ഭക്ഷണശാലകളെ അനുകൂലിച്ച് ഒരുപാട് ആളുകൾ രംഗത്ത് വന്നിരുന്നു. ഇപ്പോളിതാ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്.
ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
- Advertisement -
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനകീയ ഹോട്ടലുകൾ പ്രവർത്തിപ്പിക്കുന്ന തദ്ദേശ സ്ഥാപനമാണ് തിരുവനന്തപുരം നഗരസഭ. തിരുവനന്തപുരം പട്ടത്ത് പ്രവർത്തിക്കുന്ന ജനകീയ ഹോട്ടൽ സന്ദർശിച്ചു. 20 രൂപയ്ക്ക് പൊതിച്ചോറും, ഒഴിച്ചുകൂട്ടാനും, തോരനും, അവിയലും , അച്ചാറും ഒക്കെ അടങ്ങുന്ന മാന്യവും സമൃദ്ധവുമായ മെനുവാണ് ജനകീയ ഹോട്ടലിന്റേത്. ഒരു ദിവസം 750 മുതൽ 1000 വരെ ഊണ് ചിലവാകുന്നു എന്നാണ് കുടുംബശ്രീ പ്രവർത്തകർ കൂടി ആയ ഹോട്ടൽ നടത്തിപ്പുകാർ പറഞ്ഞത്. എല്ലാ വിഭാഗത്തിൽ പെട്ടവരും ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട് എന്നും അവർ പറഞ്ഞു. കച്ചവടക്കാർ, തൊഴിലാളികൾ, സർക്കാർ ജീവനക്കാർ, മാധ്യമപ്രവർത്തകർ തുടങ്ങി സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യർക്കെല്ലാം ആശ്വാസമാണ് ഈ ജനകീയ ഹോട്ടലുകൾ. കൂടുതൽ ജനകീയ ഹോട്ടലുകൾ ആരംഭിക്കുമെന്ന് ഇന്ന് ബഹുമാനപെട്ട മുഖ്യമന്ത്രി പറഞ്ഞിട്ടുമുണ്ട്.
കോവിഡ് കാലത്താണ് അക്ഷരാത്ഥത്തിൽ 20 രൂപ ഊണിന്റെ പ്രയോജനം നാടറിഞ്ഞത്. തിരുവനന്തപുരം നഗരസഭയിലെ ജനകീയ ഹോട്ടലുകളിൽ മൂന്ന് നേരത്തെ ഭക്ഷണം 60 രൂപ നിരക്കിൽ വിതരണം നടത്തുകയായിരുന്നു ചെയ്തത്. ഒരുനേരത്തേയ്ക്ക് 20 രൂപ എന്നതായിരുന്നു ആശയം. സൗജന്യമായും ചില സന്ദർഭങ്ങളിൽ ഭക്ഷണപൊതികൾ നൽകിയിട്ടുണ്ട്. ഒരാൾ പോലും വിശന്നിരിക്കരുത് എന്ന ലക്ഷ്യം മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്, മറ്റെല്ലാം വിശപ്പിന് മുന്നിൽ ഒന്നുമല്ലാതായി തീരുമെന്ന് വിശന്നിരുന്നിട്ടുള്ളവർക്ക് മനസ്സിലാകും. ചോറിനു ഏറ്റവും മികച്ച കറി വിശപ്പാണെന്ന് ഒരു ചൊല്ല് നാട്ടുമ്ബുറങ്ങളിൽ ഉണ്ടത്രേ. സെപ്റ്റംബർ മാസത്തിൽ മാത്രം 2,17,422 ഭക്ഷണ പൊതികളാണ് ജനകീയ ഹോട്ടലുകൾ വഴി വിതരണം നടത്തിയിട്ടുള്ളത്. എത്രമാത്രം ജനകീയവും സ്വീകാര്യതയുമാണ് ഈ പദ്ധതിയ്‌ക്കെന്ന് ഇതിൽ നിന്ന് തന്നെ മനസിലാക്കാവുന്നതേയുള്ളൂ. കേരളത്തിലെ സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളിൽ ഏറ്റവും വലിയ സംവിധാനമാണ് കുടുംബശ്രീ, ആ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ജനകീയ സംരംഭത്തിന്റെ വിജയം സ്ത്രീകളുടെ അധ്വാനത്തിന്റെ കൂടെ വിജയമാണ്. അവരെ ഓരോരുത്തരെയും അഭിനന്ദിക്കുന്നു.
- Advertisement -