ദില്ലി: ലഖീംപൂർ സംഘർഷത്തിൽ കർഷകർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച വരുൺ ഗാന്ധിയെ ബിജെപിയുടെ ദേശീയ നിർവ്വാഹക സമിതിയിൽ ഉൾപ്പെടുത്താതിരുന്നത് ചർച്ചയാവുന്നത്. വരുണ് ഗാന്ധിയെ കൂടാതെ മാതാവ് മനേക ഗാന്ധിയേയും ഇക്കുറി ദേശീയ നിർവ്വാഹക സമിതിയിലേക്ക് പരിഗണിച്ചിട്ടില്ല.
ലഖിംപുർ സംഘർഷത്തിന്റെ വീഡിയോ രണ്ട് തവണ ട്വീറ്റ് ചെയ്ത വരുണിന്റെ നടപടി നേരത്തെ ചർച്ചയായിരുന്നു. ലഖീംപൂർ സംഘർഷത്തിൽ കർഷകരെ അനുകൂലിച്ചുള്ള നിലപാടാണ് വരുൺ സ്വീകരിച്ചിരുന്നത്. നിരപരാധികളായ കർഷകരുടെ ജീവനെടുക്കാൻ കാരണക്കാരയവർക്കെതിരെ കർശന നടപടി വേണമെന്ന് വരുൺ അഭിപ്രായപ്പെട്ടിരുന്നു. ലഖിംപൂർ സംഘർഷം ഖലിസ്ഥാൻ തീവ്രവാദികൾ ആസൂത്രണം ചെയ്തതാണെന്നായിരുന്നു ബിജെപിയുടെ ആദ്യപ്രതികരണം. എന്നാൽ വിഷയത്തിൽ ജനവികാരം എതിരാണെന്ന് കണ്ടതോടെ പാർട്ടി ദേശീയനേതൃത്വം ഇതേക്കുറിച്ച് കൂടുതൽ പ്രതികരിച്ചിരുന്നില്ല.
- Advertisement -
എന്നാൽ ഇപ്പോൾ ലഖിംപുർ ഖേരി സംഘർഷത്തിൽ പ്രതിപക്ഷ നീക്കത്തെ രാഷ്ട്രീയമായി നേരിടാൻ തീരുമാനിച്ചാണ് ബിജെപി മുന്നോട്ട് പോകുന്നത്. ആരോപണവിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്രയോട് ചുമതലയിൽ തിരിച്ചു കയറാൻ ബിജെപി നിർദ്ദശിച്ചു. മന്ത്രിയെ പുറത്താക്കും വരെ ഇരകൾക്ക് നീതി കിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞതിന് പിന്നാലെയായിരുന്നു ബിജെപിയുടെ ഈ നീക്കം. പ്രതിഷേധം കൊലപ്പെടുത്തി തണുപ്പിക്കാനാവില്ലെന്ന് ട്വീറ്റ് ചെയ്ത് വരുൺ ഗാന്ധി തന്റെ അതൃപ്തി വീണ്ടും പ്രകടമാക്കിയിരുന്നു.
എന്നാൽ തൊട്ടുപിന്നാലെ പുറത്തു വന്ന ബിജെപി ദേശീയ നിർവ്വാഹകസമിതി അംഗങ്ങളുടെ പട്ടികയിൽ വരുണും മനേകയും ഇല്ലാതിരുന്നതോടെ വരുണിനോടുള്ള ബിജെപി നിലപാട് എന്താണെന്ന് വ്യക്തമായെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. യുപിയിലെ സുൽത്താൻപൂരിൽ നിന്നുള്ള എംപിയാണ് മനേകാ ഗാന്ധി. പിലിഭിത്ത് മണ്ഡലത്തെയാണ് വരുണ് പ്രതിനിധീകരിക്കുന്നത്.
- Advertisement -