മുംബൈ: അഡംബരക്കപ്പലിലെ ലഹരിപ്പാർട്ടിയ്ക്കിടെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ റെയ്ഡിനിടെ പിടികൂടിയ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ തള്ളി. ഇതോടെ ആര്യൻ ഖാൻ മുംബൈയിലെ ആർതർ ജയിലിൽ തുടരും. ഇന്നലെയാണ് ആര്യൻ ഖാനെ മുംബൈ കോടതി ജ്യൂഡിഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
ആര്യന്റെ കൈയിൽ നിന്ന് ലഹരി വസ്തുക്കൾ പിടിച്ചെടുത്തില്ലെങ്കിലും ഈ കേസുമായി ബന്ധപ്പെട്ട് നിർണായകവിവരങ്ങൾ നൽകാൻ കഴിയുന്ന ആളാണെന്ന് എൻസിബി കോടതിയെ അറിയിച്ചു. ഈ അവസരത്തിൽ ജാമ്യം നൽകുന്നത് കേസന്വേഷണത്തെ ബാധിക്കും. എൻസിബിയുടെ വാദം അംഗീകരിച്ച കോടതി ആര്യൻ ഖാന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ആര്യൻ ഖാൻ തെറ്റ് ചെയ്തിട്ടില്ലെന്നും ക്ഷണിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടിയിൽ പങ്കെടുത്തതെന്ന് ആര്യന്റെ അഭിഭാഷകൻ വീണ്ടും കോടതിയെ അറിയിച്ചു. ജാമ്യം ലഭിച്ചാൽ രാജ്യം വിട്ടുപോകില്ലെന്നതുൾപ്പെടെ അഭിഭാഷൻ കോടതിയെ അറിയിച്ചു.
- Advertisement -
മുംബൈയിൽനിന്നു ഗോവയിലേക്കു സഞ്ചരിച്ച കോർഡിലിയ കപ്പലിലെ ലഹരിവിരുന്നുമായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകിട്ടാണ് എൻസിബിയുടെ രഹസ്യ ഓപ്പറേഷനിൽ പ്രതികൾ അറസ്റ്റിലായത്. 13 ഗ്രാം കൊക്കെയ്ൻ, 21 ഗ്രാം ചരസ്, 22 എംഡിഎംഎ, 5 ഗ്രാം എംഡി എന്നിവ കണ്ടെടുത്തു. വസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ, പഴ്‌സ് എന്നിവയിലാണു ലഹരി ഒളിപ്പിച്ചിരുന്നതെന്ന് എൻസിബി അറിയിച്ചു.
- Advertisement -