Ultimate magazine theme for WordPress.

സംസ്ഥാനത്ത് പരക്കെ മഴ: നിരവധി സ്ഥലങ്ങളില്‍ ഗതാഗത തടസ്സം

0

കോഴിക്കോട് : സംസ്ഥാനത്ത് പരക്കെ മഴ തുടരുന്നു. മലബാര്‍ ജില്ലകളില്‍ ഇന്നലെ രാത്രി മുതലുള്ള തോരത്ത മഴയില്‍ വലിയ അപകടങ്ങളും വ്യാപക നാശനഷ്ടങ്ങളുമുണ്ടായി. മലപ്പുറത്ത് വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു. പാലക്കാട് അട്ടപ്പാടി ചുരത്തില്‍ മരവും കല്ലും വീണ് ഗതാഗതം തടസപ്പെട്ടു. നീക്കം ചെയ്യാന്‍ ഉള്ള ശ്രമം തുടരുകയാണ്. ഒമ്ബതാം മൈലിലും ഏഴാം മൈലിലും മരം വീണത് ഫയര്‍ഫോഴ്‌സ് എത്തി വെട്ടിമാറ്റി. വെള്ളച്ചാട്ടത്തിന് സമീപം റോഡിലേക്ക് വലിയ പാറക്കഷണം വീണ് കിടക്കുന്നത് നീക്കം ചെയ്യാനുള്ള ശ്രമം തുടരുന്നു.

മലപ്പുറം കൊണ്ടോട്ടി ടൗണില്‍ ദേശീയപാതയില്‍ വെള്ളം കയറി. മണ്ണാര്‍ക്കാട്, അഗളി മേഖലയിലേക്ക് റോഡിലേക്ക് പാറകള്‍ ഒഴുകിയെത്തി. ചാലക്കുടി റെയില്‍വേ അടിപ്പാത മുങ്ങി. ചലാക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞു. നിരവധി വീടുകളില്‍ വെള്ളം കയറി. വയനാട്- കോഴിക്കോട് ദേശീയപാതയില്‍ മൂഴിക്കലില്‍ റോഡിലേക്ക് വെള്ളം കയറി. കോഴിക്കോടിന്റെ മലയോര മേഖലകളിലെ പുഴകളും തോടുകളുമെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്.

- Advertisement -

അച്ചന്‍കോവിലാര്‍ കരകവിഞ്ഞു. പെരിങ്ങള്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തകര്‍ന്നു. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം. കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തകര്‍ന്നു.കോട്ടയം മേലുകാവ്- തൊടുപുഴ റോഡിലേക്ക് വലിയ പാറകള്‍ ഇടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം തിരുവാര്‍പ്പ്, അയ്മനം, കുമരകം മേഖലകളില്‍ മഴ ശക്തമാണ്. ഇടുക്കിയില്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്ന സ്ഥിതിയാണ്.

ഒക്ടോബര്‍ 15വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴു ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചത്.

അതേ സമയം തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദിവസങ്ങളായി വലിയ അളവില്‍ മഴതുടരുന്ന താഴ്ന്ന പ്രദേശങ്ങള്‍, ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള മലയോര മേഖലകള്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളിലും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കന്യാകുമാരി തീരങ്ങളിലും മാലിദ്വീപ് തീരങ്ങളിലും കനത്ത കാറ്റ് ഉണ്ടാകും എന്നാണ് കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലായിരിക്കും കാറ്റ് വീശുക. ഈ ദിവസങ്ങളില്‍ മത്സ്യബന്ധനം നടത്തരുതെന്ന് മുന്നറിയിപ്പുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.