കശ്മീർ: ഷോപ്പിയാനിൽ സൈന്യം വധിച്ചവരിൽ ലഷ്കർ കമാൻഡർ മുക്താർ ഷായും. ദി റസിസ്റ്റൻസ് ഫ്രണ്ട് എന്ന പേരിലാണ് ലഷ്കർ യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. അടുത്തിടെ നടന്ന നാട്ടുകാരെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളിൽ മുക്താർ ഷായ്ക്ക് പങ്കുണ്ടെന്നാണ് സൈന്യം പറയുന്നത്.
ഷോപ്പിയാനിൽ രാത്രി മുഴുവൻ തുടർന്ന എറ്റുമുട്ടലിൽ മൂന്നു ഭീകരരെയാണ് സൈന്യം വധിച്ചത്. ഇന്നലെ രണ്ടു ഭീകരരെ സൈന്യം വധിച്ചിരുന്നു. അടുത്തിടെ കാശ്മീരിൽ നിരപരാധികളെ വെടിവെച്ചു കൊന്ന സംഭവങ്ങളിൽ പങ്കുളളവരാണ് മരിച്ച രണ്ടു ഭീകരരെന്നാണ് പോലീസും പറയുന്നത്. മലയാളി അടക്കം അഞ്ചു സൈനികർ ഇന്നലെ കശ്മീരിൽ വീരമൃത്യു വരിച്ചിരുന്നു. സുരൻകോട്ട് വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ തുരത്താൻ ശ്രമിക്കുമ്പോഴായിരുന്നു സൈനികർ കൊല്ലപ്പെട്ടത്.
- Advertisement -
പൂഞ്ചിലെ സേവന കാലാവധി അവസാനിക്കാന്‍ രണ്ടു മാസം മാത്രം ബാക്കിയുളളപ്പോഴാണ് തീവ്രവാദികളുമായുളള ഏറ്റുമുട്ടലിൽ മലയാളി ജവാൻ വൈശാഖ് കൊല്ലപ്പെട്ടത്. കൊട്ടാരക്കര കുടവട്ടൂര്‍ സ്വദേശിയാണ് 24 കാരനായ വൈശാഖ്. 2017ലാണ് വൈശാഖ് സൈന്യത്തില്‍ ചേര്‍ന്നത്. മഹാരാഷ്ട്രയിലെ പരിശീലനത്തിനു ശേഷം പഞ്ചാബിലായിരുന്നു പോസ്റ്റിംഗ്. തുടര്‍ന്നാണ് പൂഞ്ചിലേക്ക് മാറിയത്. ഞായറാഴ്ചയാണ് വീട്ടുകാരുമായും നാട്ടിലെ കൂട്ടുകാരുമായും വൈശാഖ് അവസാനമായി ഫോണില്‍ സംസാരിച്ചത്. പിന്നെ നാടറിയുന്നത് പ്രിയങ്കരനായ യുവസൈനികന്‍റെ ജീവത്യാഗത്തെ കുറിച്ചുളള വാര്‍ത്തയാണ്.
- Advertisement -