ശക്തമായ മഴയിൽ ശനിയാഴ്ച്ച ഉരുൾപൊട്ടലുണ്ടായ കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും രാവിലെ രക്ഷാ പ്രവർത്തനം തുടരും.
രണ്ടിടങ്ങളിലുമായി ഇനിയും 15 പേരെയാണ് കണ്ടെത്താനുള്ളത്. കൂട്ടിക്കലിലെ കാവാലിയിലാണ് ഇന്ന് തെരച്ചിൽ നടത്താനുള്ളത്. നാൽപ്പതംഗ സൈന്യം ഇവിടെ രക്ഷാപ്രവർത്തനത്തിനെത്തിയിട്ടുണ്ട്. ഇവിടെ നിന്നും ഇനി 7 പേരെ കൂടിയാണ് കണ്ടെത്താനുള്ളത്.
- Advertisement -
കൂട്ടിക്കൽ മേഖലയിൽ വൻ നാശനഷ്ടമാണുണ്ടായിട്ടുള്ളത്. കൊക്കയാറിൽ രണ്ടിടങ്ങളിലായി എട്ട് പേരെയാണ് കാണാതായത്. രാവിലെ തന്നെ തെരച്ചിൽ തുടങ്ങുമെന്ന് ഇടുക്കി കലക്ടർ അറിയിച്ചു. ഫയർ ഫോഴ്സ്, എൻഡിആർഎഫ്, റവന്യു, പൊലീസ് സംഘങ്ങൾ ഉണ്ടാകും. കൊക്കയാറിൽ തെരച്ചിലിന് ഡോഗ് സ്‌ക്വാഡും തൃപ്പുണിത്തുറ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നും എത്തും.
അടുത്ത മൂന്നു മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി, കോട്ടയം, എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 60 കിലോമീറ്റർ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം കോഴിക്കോട് ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞു. രാത്രി പന്ത്രണ്ട് മണിക്ക് ശേഷം കാര്യമായി മഴയില്ല. വയനാട് റോഡിൽ ഈങ്ങാപ്പുഴയിൽ ഉണ്ടായിരുന്ന വെള്ളം താഴ്ന്നു. താമരശേരി ചുരത്തിലും പ്രശ്നങ്ങളില്ല. ജില്ലയിലെ മലയോര മേഖലകളിലും മഴ കുറഞ്ഞിട്ടുണ്ട്. ഒപ്പം തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 390 Cm ഉയർത്തിയിട്ടുണ്ട്. രാവിലെ 07:00 മണിയ്ക്ക് 40 cm കൂടി ഉയർത്തുമെന്നും (മൊത്തം – 430 cm) സമീപവാസികൾ ജാഗ്രത പാലിയ്ക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
- Advertisement -