Ultimate magazine theme for WordPress.

പെരിയ ഇരട്ടക്കൊലക്കേസ്; മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ ഒരുങ്ങി സി.ബി.ഐ

0

 

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ സി.പി.എം. നേതാവിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ച് സി.ബി.ഐ. തിങ്കളാഴ്ചയാകും ഡിവൈ.എസ്.പി. ടി.പി. അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ. തദ്ദേശസ്വയംഭരണ, എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം. കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ വി.പി.പി. മുസ്തഫയെ ചോദ്യം ചെയ്യാനാണ് സി.ബി.ഐ. ഒരുങ്ങുന്നത്.

- Advertisement -

ഇരട്ടക്കൊലയ്ക്ക് മുൻപ് പെരിയ കല്യോട്ട് നടന്ന സി.പി.എം. പ്രതിഷേധ പൊതുയോഗത്തിൽ മുസ്തഫ നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ വിവാദമായിരുന്നു. ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഇതിന്റെ പശ്ചാത്തലത്തിൽ മുസ്തഫയെ ചോദ്യംചെയ്തിരുന്നു.

ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രത്തിൽ സാക്ഷിയാണ് മുസ്തഫ. പ്രസംഗം വിവാദമായപ്പോൾ വാക്കുകൾ വളച്ചൊടിച്ചതാണ് തെറ്റിദ്ധാരണയുണ്ടാക്കിയതെന്ന് വിശദീകരിച്ച മുസ്തഫ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കുണ്ടായ വേദനയിൽ ദുഃഖമുണ്ടെന്നും പറഞ്ഞിരുന്നു.

അന്വേഷണവുമായി ബന്ധപ്പെട്ട് സി.പി.എം. പ്രാദേശികനേതാക്കൾ ഉൾപ്പെടെയുള്ളവരെ സി.ബി.ഐ. ചോദ്യംചെയ്തിട്ടുണ്ട്. കൂടുതൽ പേരെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നാണ് അറിയുന്നത്. ഡിസംബർ നാലിനകം കുറ്റപത്രം സമർപ്പിക്കാനാണ് സി.ബി.ഐ.യോട് ഹൈക്കോടതി നിർദേശിച്ചിട്ടുള്ളത്.

2019 ഫെബ്രുവരി 17ന് രാത്രിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനേയും കൃപേഷിനേയും വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.