ഇടുക്കി: കൊക്കയാറിലെ ഉരുൾപൊട്ടലിൽ കാണാതായവരിൽ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. അഫ്‌ന ഫൈസൽ (8), അഫിയാൻ ഫൈസൽ (4), അംന (7) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ പൂർണ്ണമായി മണ്ണിൽ പൊതിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു.
- Advertisement -
ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് പരിശോധിക്കുന്നതിന് ഇടയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രാവിലെ ഏഴുമണി മുതൽ എൻഡിആർഎഫും പൊലീസും പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്. ഇനി അഞ്ചുപേരെയാണ് ഇവിടെ കണ്ടെത്താനുള്ളത്. കൊക്കയാർ പഞ്ചായത്തിന് സമീപം ഒഴിക്കിൽപ്പെട്ട് കാണാതായ ആൻസി എന്ന വീട്ടമ്മയെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കനത്ത മഴയിലും ഉരുൾപൊട്ടലിലും കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. ജില്ലയിൽ മാത്രം ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 11 ആയി. കാവലിയിൽ നിന്ന് അഞ്ചുമൃതദേഹം കണ്ടെത്തി. സോണിയ, റോഷ്‌നി, സരസമ്മ മോഹൻ, അലൻ എന്നിവരുടെ മൃതദേഹവും ഇന്ന് കണ്ടെത്തി. പട്ടിമറ്റത്തുനിന്നും രാജമ്മ, വെട്ടിക്കാനത്തുനിന്നും ഷാലറ്റ് എന്നിവരും മരിച്ചു.
മഴയുടെ ശക്തി കുറഞ്ഞെങ്കിലും തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തിൽ തോരാതെ പെയ്ത് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന പെരുമഴയ്ക്ക് കാരണം ലഘുമേഘ വിസ്‌ഫോടനമാണെന്നാണ് വിലയിരുത്തൽ. അസാധാരണമായി രൂപംകൊള്ളുന്ന മേഘകൂമ്പാരങ്ങളാണ് പലയിടത്തും രണ്ട് മണിക്കൂറിൽ അഞ്ച് സെൻറിമീറ്ററിലധികം തീവ്രമഴയായി പെയ്തിറങ്ങിയത്.
- Advertisement -