Ultimate magazine theme for WordPress.

കുറ്റ്യാടി പീഡനം;അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം,സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ കുറഞ്ഞെന്ന് മുഖ്യമന്ത്രി

0

തിരുവനന്തപുരം: കുറ്റ്യാടിയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടി പീഡനത്തിന് ഇരയായ സംഭവം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. റോജി എം ജോണാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഉത്തരേന്ത്യയെക്കാൾ ഭീകരമായ അവസ്ഥയിലാണ് കേരളത്തിൽ സ്ത്രീകൾക്ക് എതിരായ അതിക്രമവും പീഡന പരാതികളും ഉണ്ടാവുന്നതെന്നായിരുന്നു നോട്ടീസ് നൽകിയ റോജി എം ജോണിൻറെ പ്രധാന വിമർശനം. അതീവ ഗൌരവതരമാണ് കേരളത്തിലെ സ്ഥിതിയെന്നും റോജി എം ജോൺ പറഞ്ഞു.

മൂന്ന് മാസത്തിനിടെ മൂന്ന് കൂട്ട ബലാത്സംഗങ്ങളാണ് കേരളത്തിലുണ്ടായതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാൽ സ്ത്രീകൾക്ക് എതിരായ അതിക്രമം കുറഞ്ഞ് വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉത്തരേന്ത്യൻ പരാമർശം ആരെ വെള്ളപൂശാനാണെന്ന് ചോദിച്ച മുഖ്യമന്ത്രി കേസുകളിൽ ശക്തമായ നടപടി എടുത്തതായും പറഞ്ഞു. കുറ്റ്യാടിയിൽ നാല് പ്രതികളെ അറസ്റ്റ് ചെയ്തു. മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ നടപടി ഉണ്ടാവും. മലപ്പുറം പീഡനശ്രമത്തിലും പ്രതി അറസ്റ്റിലായി. 2016 മുതൽ 21 വരെയുള്ള കാലം ലൈംഗിക അതിക്രമം കുറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

- Advertisement -

ഈ മാസം മൂന്നിന് ജാനകിക്കാട് വച്ചാണ് 17 കാരിയായ ദളിത് പെൺകുട്ടിയെ നാല് യുവാക്കൾ ചേർന്ന് പീഡിപ്പിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് മൊഴിയെടുത്ത ഘട്ടത്തിൽ താൻ ഇതിനുശേഷം മറ്റൊരിടത്തും പീഡനത്തിനിരയായെന്ന കാര്യം പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. ഈ മാസം 16 ന് ചെമ്പനോടയിലെ വനപ്രദേശത്ത് വച്ചായിരുന്നു പീഢനം. തൊട്ടിൽപാലം കേസിൽ അറസ്റ്റിലായ രാഹുലും കുറ്റ്യാടി സ്വദേശിയായ മർവ്വിനും ചേർന്നാണ് തന്നെ പീഡിപ്പിച്ചതെന്നാണ് യുവതിയുടെ മൊഴി. തന്നെ പ്രദേശത്തേക്ക് പ്രതികൾ ബലമായി കൂട്ടികൊണ്ടുപോയെന്നാണ് പെൺകുട്ടി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തു.

അറസ്റ്റ് രേഖപ്പെടുത്തിയ മർവ്വിനെ കോടതിയിൽ ഹാജരാക്കി. നിലവിൽ റിമാൻഡിലുളള പ്രതി രാഹുലിനെ പുതിയ കേസിലും പ്രതി ചേർത്തു. പോക്‌സോ, ദളിതർക്കെതിരായ അതിക്രമം തടയൽ, കൂട്ടബലാൽസംഗം എന്നീ വകുപ്പുകളാണ് പുതിയ കേസിലും പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കടുത്ത മാനസിക സമ്മർദത്തിലാണ് പെൺകുട്ടിയെന്നും, വിശദമായ മൊഴി പിന്നീട് രേഖപ്പെടുത്തുമെന്നും കോഴിക്കോട് റൂറൽ എസ്പി അറിയിച്ചു. അതേസമയം തൊട്ടിൽപാലം കേസിൽ അറസ്റ്റിലായ നാല് പ്രതികളെയും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങാനായി പൊലീസ് വൈകാതെ കോടതിയിൽ അപേക്ഷ നൽകും.

- Advertisement -

Leave A Reply

Your email address will not be published.