കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയിൽ ഇന്നും വർധന. പെട്രോളിനും ഡീസലിനും വില കൂടി. ലിറ്ററിന് ഏകദേശം 35 പൈസയോളമാണ് ഇന്നും കൂടിയത്. ഒരു ലിറ്റർ പെട്രോളിന് ഡൽഹിയിൽ 108.99 രൂപയാണ് വില. ഒരു ലിറ്റർ ഡീസലിന് 97.72 രൂപയായി വില ഉയർന്നു. കേരളത്തിൽ ഒരു ലിറ്റർ പെട്രോളിന് 111.24 രൂപയായി വില വർധിച്ചു. ഒരു ലിറ്റർ ഡീസലിന് 104.98 രൂപയും.
രാജ്യത്ത് പെട്രോൾ- ഡീസൽ വില ഓരോ ദിവസവും കുതിക്കുകയാണ്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതാണ് കാരണം. രാജ്യാന്തര എണ്ണവിലക്കയറ്റം മൂലം വരും ദിവസങ്ങളിലും പ്രാദേശിക ഇന്ധനവില ഉയർത്തിയേക്കുമെന്നാണു സൂചന. ക്രൂഡ് ഓയിൽ വില, ഡോളർ- രൂപ വിനിമയം എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് എണ്ണ കമ്പനികൾ ഇന്ധന വില നിശ്ചിയിക്കുന്നത്. എന്നാൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോൾ അതിന്റെ പ്രയോജനം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ല. ഇന്ധനവില നിർണയ അധികാരം സർക്കാർ തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
- Advertisement -
21 ദിവസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ മാസം 28-നാണ് പെട്രോൾ വില ഉയർന്നത്. രാജ്യാന്തര എണ്ണവിലയ്ക്കനുസരിച്ച് ദിനംപ്രതി പ്രാദേശിക വില മാറുന്ന രീതിയാണു നിലവിൽ ഇന്ത്യയിൽ അവലംബിക്കുന്നത്. 15 ദിവസത്തെ ശരാശരിയുടെ അടിസ്ഥാനത്തിലാണ് വില നിർണയിക്കുന്നത്. അതേസമയം ഈ മാസം ആദ്യം എണ്ണക്കമ്പനികൾ പാചക വാതക വിലയും വർധിപ്പിച്ചിരുന്നു. ഗാർഹിക സിലിണ്ടറിന് 15 രൂപയാണ് വർധിപ്പിച്ചത്.
- Advertisement -