Ultimate magazine theme for WordPress.

5 മുതൽ 11 വരെ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ; അമേരിക്ക അന്തിമ അനുമതി നൽകി

0

വാഷിംങ്ടൺ: അഞ്ചിനും പതിനൊന്നിനും ഇടയിലുള്ള കുട്ടികൾക്ക് വാക്‌സീൻ നൽകാനുള്ള തീരുമാനത്തിന്, അന്തിമ അനുമതി നൽകി അമേരിക്ക. സെന്റർ ഫോർ ഡിസീസ് ആന്റ് പ്രിവൻഷൻ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതോടെയാണ് കുട്ടികളിലെ വാക്‌സിനേഷനും വഴിയൊരുങ്ങുന്നത്. ഫൈസർ വാക്‌സീനാകും കുട്ടികൾക്ക് നൽകുക. മുതിർന്നവർക്ക് നൽകുന്നതിന്റെ മൂന്നിലൊന്ന് അളവിലാകും വാക്‌സീൻ നൽകുക. അഞ്ചിനും പതിനൊന്നിനും ഇടയിലുള്ള 2.8 കോടി കുട്ടികളാണ് അമേരിക്കയിൽ ഉള്ളത്.

കുട്ടികളിലെ വാക്‌സിനേഷൻ സംബന്ധിച്ച് ഈ ആഴ്ച ചേർന്ന ഉന്നതതല യോഗത്തിൽ യുഎസ് അനുകൂല തീരുമാനമെടുത്തിരുന്നു. കുട്ടികൾക്ക് വാക്‌സിൻ നൽകിയാൽ പാർശ്വഫലങ്ങളെക്കാൽ കൂടുതൽ ഗുണഫലങ്ങളാണുള്ളതെന്ന് യോഗം നിരീക്ഷിച്ചു. വിദഗ്ധ സമിതിയുടെ ശുപാർശ യു.എസ് സർക്കാർ അംഗീകരിക്കുകയായിരുന്നു.

- Advertisement -

2,000 കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ വാക്‌സിൻ പരീക്ഷണത്തിൽ 90 ശതമാനം ഫലപ്രാപ്തി ലഭ്യമാണെന്ന് കണ്ടെത്തിയിരുന്നു. വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച് 3,000 കുട്ടികളിൽ നടത്തിയ പഠനങ്ങളിലും ഗുരുതരമായ പാർശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഫൈസർ വാക്‌സിൻ കുട്ടികളിലും ഫലപ്രദമാണെന്നു കണ്ടെത്തിയ സാഹചര്യത്തിൽ യു.എസ് സർക്കാർ അടുത്തിടെ 5 കോടി ഡോസ് ഫൈസർ വാക്‌സിൻ കൂടി വാങ്ങിയിട്ടുണ്ട്. കുട്ടികൾക്കു വാക്‌സിൻ നൽകാനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് അന്തിമ അനുമതി ലഭിച്ചതോടെ രാജ്യത്ത് കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിക്കും.

മാതാപിതാക്കളും ആരോഗ്യപ്രവർത്തകരും രക്ഷകർത്താക്കളും കാത്തിരുന്ന തീരുമാനമാണിതെന്നും കുട്ടികൾക്ക് കൂടി കൊവിഡ് വാക്‌സിൻ നൽകുന്നതോടെ ജീവിതം സാധാരണ നിലയിലേക്കു തിരികെ കൊണ്ടുവരാൻ കഴിയുമെന്നും യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മേധാവി ജാനറ്റ് വുഡ്കോക്ക് പറഞ്ഞു. യു.എസിനെ കൂടാതെ ചൈന, ക്യൂബ, ചിലി, യു.എ.ഇ എന്നീ രാജ്യങ്ങൾ ഇതിനോടകം കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നല്കാൻ അനുമതി നല്കിയിട്ടുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.