Ultimate magazine theme for WordPress.

ഒരു ഡോസ് എടുത്തവർക്ക് തിയറ്ററിൽ പ്രവേശനം; ഇന്ന് തീരുമാനം ഉണ്ടായേക്കും

0

തിരുവനന്തപുരം: ഒരു ഡോസ് വാക്‌സിനെടുത്തവരെയും തീയറ്ററിൽ പ്രവേശിപ്പിക്കുന്നതിന് അനുമതി നൽകുന്നത് ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗം പരിഗണിക്കും.സിനിമാ സംഘടനകൾ ഈ ആവശ്യം സർക്കാരിനെ അറിയിച്ചിരുന്നു.മന്ത്രിസഭാ യോഗവും ഇന്ന് ചേരുന്നുണ്ട്.തീയറ്ററുകൾ വീണ്ടും തുറന്നിട്ടും പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വിനോദ നികുതിയിൽ ഇളവ് വേണമെന്ന തീയറ്റർ ഉടമകളുടെ ആവശ്യം യോഗം ചർച്ചചെയ്യും.

അതേ സമയം മോഹൻലാൽ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം ‘മരക്കാർ’ തിയറ്ററുകളിലെത്തിക്കുന്നതിനുള്ള ശ്രമം എന്ന നിലയിൽ സർക്കാർ ഇടപെടൽ ഉണ്ടാകും. ഇതിൻറെ ഭാഗമായി സിനിമാ, സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഈ വിഷയത്തിൽ സിനിമാ സംഘടനകളുമായി വെള്ളിയാഴ്ച ചർച്ച നടത്തും. ചിത്രത്തിൻറെ നിർമ്മാതാവിനും തിയറ്റർ ഉടമകൾക്കുമിടയിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങളിലെ ഒത്തുതീർപ്പ് ആണ് ചർച്ചയിലൂടെ ലക്ഷ്യമിടുന്നത്.

- Advertisement -

‘മരക്കാർ’ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നതിനോടാണ് സർക്കാരിന് താൽപര്യമെന്ന് മന്ത്രി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. തിയറ്റർ തുറക്കാത്തപ്പോഴാണ് ഓവർ ദ് ടോപ്പ് (ഒടിടി) പ്ലാറ്റ്‌ഫോമുകൾ പ്രസക്തമാവുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. അതേസമയം മരക്കാർ നിർമ്മാതാവും തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോകും തമ്മിൽ കഴിഞ്ഞ ദിവസം നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

ഫിലിം ചേംബറിൻറെ മധ്യസ്ഥതയിലായിരുന്നു ഈ ചർച്ച. അഡ്വാൻസ് തുകയായി മരക്കാറിന് തിയറ്റർ ഉടമകൾ 40 കോടി രൂപ നൽകണമെന്നാണ് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ ചർച്ചയിൽ ആവശ്യപ്പെട്ടത്. തിയറ്ററുകളിൽ റിലീസ് ചെയ്യുന്നപക്ഷം ആദ്യ മൂന്നാഴ്ച കേരളത്തിലെ എല്ലാ തിയറ്ററുകളിലും ചിത്രം പ്രദർശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ ഈ രണ്ട് ആവശ്യങ്ങളിന്മേലും ചില തടസ്സങ്ങൾ ഫിയോക് ഉന്നയിച്ചു. ഇതോടെ ഫിലിം ചേംബർ മധ്യസ്ഥ ചർച്ചയിൽ നിന്ന് പിന്മാറുകയായിരുന്നു. ഈ ചർച്ച ഫലവത്താവാത്തതിനെ തുടർന്ന് ചിത്രം ഒടിടി റിലീസ് ആകുമെന്ന കാര്യം ഏകദേശം ഉറപ്പായിരിക്കുകയാണ്. അതേസമയം മരക്കാർ തിയറ്ററുകളിൽ എത്തിക്കുന്നത് സംബന്ധിച്ച് ഒരു അവസാനവട്ട ചർച്ച കൂടി നടത്താൻ ചേംബർ ശ്രമിക്കുന്നുമുണ്ട്.

അതേസമയം ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ ആമസോൺ പ്രൈമുമായി കരാറിലെത്തിയതായും ഡയറക്റ്റ് ഒടിടി റിലീസ് ആയിരുക്കുമെന്നും റിപ്പോർട്ടുകളുമുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമുകളിലെ പുതു റിലീസുകൾ സംബന്ധിച്ച വിവരങ്ങൾ നൽകുന്ന ലെറ്റ്‌സ് ഒടിടി ഗ്ലോബൽ എന്ന മാധ്യമമാണ് മരക്കാർ ഒടിടി റിലീസ് ഉറപ്പിച്ചുവെന്ന് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ പുറത്തെത്തിയിട്ടില്ല.

കൊവിഡ് പശ്ചാത്തലത്തിൽ റിലീസ് പലകുറി മാറ്റിവെക്കേണ്ടിവന്ന മലയാളചിത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ‘മരക്കാർ: അറബിക്കടലിൻറെ സിംഹം’. മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രത്തിൻറെ അവസാനം പ്രഖ്യാപിക്കപ്പെട്ട റിലീസ് തീയതി ഓഗസ്റ്റ് 12 ആയിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും മൂന്നാഴ്ചത്തെ ഫ്രീ റൺ ഉൾപ്പെടെ തിയറ്ററുടമകൾ വാഗ്ദാനം ചെയ്തിരുന്നെങ്കിലും തിയറ്ററുകൾ അടഞ്ഞുകിടന്ന സാഹചര്യത്തിൽ ചിത്രം വീണ്ടും മാറ്റിവെക്കുകയായിരുന്നു. ഇത്തവണത്തെ ദേശീയ, സംസ്ഥാന അവാർഡുകളിലായി ആറ് പുരസ്‌കാരങ്ങളും നേടിയ ചിത്രമാണിത്. മോഹൻലാൽ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതൽ പ്രേക്ഷകരിൽ ആകാംക്ഷ ഉണർത്തിയ ഒന്നാണ്.

- Advertisement -

Leave A Reply

Your email address will not be published.