ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി ക്ലീൻ ബൗൾഡ്, മൂന്നിടത്ത് കെട്ടിവച്ച കാശുപോലും കിട്ടിയില്ല, കരുത്ത് കാട്ടി തൃണമൂൽ കോൺഗ്രസ്
ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നിലം തൊടീക്കാതെ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുളള തൃണമൂൽ കോൺഗ്രസ് (ടി.എം.സി). ഉപതിരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളിലും ടി.എം.സി സ്ഥാനാർത്ഥികൾ വെന്നിക്കൊടി പാറിച്ചു. അതേസമയം, ബി.ജെ.പിയുടെ നാല് സ്ഥാനാർത്ഥികളിൽ മൂന്ന് പേർക്ക് കെട്ടിവച്ച കാശുപോലും നഷ്ടപ്പെട്ടതായി രാജ്യസഭാംഗവും ടി.എം.സി നേതാവുമായ ഡെറക് ഒബ്രിയൻ ട്വിറ്ററിൽ കുറിച്ചു.
1951ലെ ജനപ്രാതിനിദ്ധ്യ നിയമം അനുസരിച്ച്, പാർലമെന്റ് അല്ലെങ്കിൽ അസംബ്ലി തിരഞ്ഞെടുപ്പിൽ ഓരോ സ്ഥാനാർത്ഥിയും സെക്യൂരിറ്റി തുക കെട്ടിവയ്ക്കണം. തിരഞ്ഞെടുപ്പിനെ കുറിച്ച് ഗൗരവമുള്ളവർ മാത്രം നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുതിന്റെ ഭാഗമായിക്കൂടിയാണ് ഈ തുക കെട്ടിവയ്ക്കണമെന്ന നിയമം നിലവിലുളളത്. മണ്ഡലത്തിൽ ആകെ പോൾ ചെയ്ത വോട്ടിന്റെ ആറിലൊന്നിൽ താഴെ മാത്രം വോട്ട് ലഭിക്കുന്ന സ്ഥാനാർത്ഥികൾക്ക് ഇലക്ഷൻ കമ്മിഷൻ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകുന്നതല്ല.
പുറത്തു വന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങളിൽ ഡെറക് ഒബ്രിയൻ മറ്റ് ചില നിരീക്ഷണങ്ങളും നടത്തി. ബി.ജെ.പിയ്ക്കും സി.പി.എമ്മിനും ഇടയിൽ രണ്ടും മൂന്നും സ്ഥാനങ്ങൾക്കായി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ടി.എം.സിയും ബി.ജെ.പിയും തമ്മിൽ 1.5 ലക്ഷം വോട്ടുകളുടെ വ്യത്യാസമാണ് ദിൻഹത മണ്ഡലത്തിലേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മേയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ബി.ജെ.പിയോട് ഈ മണ്ഡലത്തിൽ പരാജയപ്പെട്ടിരുന്നു.
പശ്ചിമ ബംഗാളിലെ ദിൻഹത, ഖർദാഹ, ഗോസബ, ശാന്തിപൂർ എന്നീ നിയമസഭാ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. നാല് സീറ്റുകളിലും ടി.എം.സി വിജയിക്കുകയും നാല് മണ്ഡലങ്ങളിലായി മൊത്തം വോട്ട് വിഹിതത്തിന്റെ 75 ശതമാനം നേടുകയും ചെയ്തു. മേയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ദിൻഹത, ശാന്തിപൂർ സീറ്റുകളിൽ ബി.ജെ.പിയും ഗോസബയിലും ഖർദാഹയിലും ടി.എം.സിയും വിജയിച്ചിരുന്നു. ജോയ് സാഹ, അശോക് മൊണ്ടൽ, നിരഞ്ജൻ ബിശ്വാസ്, പലാഷ് റാണ എന്നിവരായിരുന്നു ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സ്ഥാനാർത്ഥികൾ.
മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും 29 അസംബ്ലി സീറ്റുകളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലപ്രഖ്യാപനം പൂർത്തിയായപ്പോൾ ഹിമാചലിലും രാജസ്ഥാനിലും കോൺഗ്രസ് നേട്ടമുണ്ടാക്കിയിട്ടുണ്ട്. അതേസമയം, മദ്ധ്യപ്രദേശിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ബി.ജെ.പിയും സഖ്യകക്ഷികളും വീണ്ടും കരുത്ത് തെളിയിച്ചു.