ബെയ്ജിങ്: ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ചൈനയിലെ ഒരു പ്രൈമറി സ്‌കൂളിൽ നിരവധി വിദ്യാർഥികളെ മണിക്കൂറുകളോളം തടഞ്ഞുവച്ചു. ചൈനയിലാണ് സംഭവം. സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കുട്ടികളെ പരിശോധനയ്ക്ക് വിധേയരാക്കിയശേഷം ഫലം വരുന്നതുവരെ സ്‌കൂളിൽ പൂട്ടിയിട്ടതായാണ് റിപ്പോർട്ടുകൾ.
അർധരാത്രിയായിട്ടും കുട്ടികളെ പുറത്ത് വിടാത്തതിനെത്തുടർന്ന് എന്ത് സംഭവിച്ചുവെന്നറിയാതെ ആകാംക്ഷയോടെ ഒരു വലിയ കൂട്ടം രക്ഷിതാക്കൾ സ്‌കൂളിന് പുറത്ത് തടിച്ചുകൂടിയിരുന്നു. ഏഴ് വയസിനും 12 വയസിനും ഇടയിൽ പ്രായമുള്ളവരാണ് വിദ്യാർഥികളെന്നാണ് റിപ്പോർട്ട്.
- Advertisement -
ആകാംക്ഷ നിറഞ്ഞ മണിക്കൂറുകൾക്കൊടുവിൽ പ്രാദേശിക സമയം ഏകദേശം രാത്രി 11.30യോടെ പുറത്ത് വന്ന സ്‌കൂൾ പ്രിൻസിപ്പൽ, ചില കുട്ടികൾ ക്വാറന്റീനിൽ പോകേണ്ടിവരുമെന്ന് കാത്തിരുന്ന മാതാപിതാക്കളോട് പറയുകയായിരുന്നു. തുടർന്ന് സ്‌കൂളിൽ തന്നെ രാത്രി ചെലവഴിക്കേണ്ടിവരുന്ന കുട്ടികളുടെ വസ്ത്രങ്ങൾ സ്‌കൂളിലെത്തിക്കാൻ അവരോട് ആവശ്യപ്പെടുകയായിരുന്നു. ഫലം വന്നാൽ അടുത്ത ദിവസം തന്നെ ഇവരെ രക്ഷിതാക്കൾക്കൊപ്പം വിട്ടയക്കുമെന്നും പ്രിൻസിപ്പൽ മാതാപിതാക്കളെ അറിയിച്ചതായി റിപ്പോർട്ട് ചെയ്തു.
സ്‌കൂളിലെ എല്ലാ അധ്യാപകരെയും വിദ്യാർഥികളെയും ജീവനക്കാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. എന്നാൽ എത്ര കുട്ടികളെയാണ് സ്‌കൂളിൽ തടഞ്ഞുവെച്ചതെന്ന് വ്യക്തമല്ല. ചൈനയിൽ നിന്നുള്ള ചില വാർത്താമാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം 35 വിദ്യാർത്ഥികളെ ക്വാറന്റീനിലാക്കിയതായാണ് വിവരം. സ്‌കൂൾ താൽക്കാലികമായി അടച്ചിരിക്കുകയാണ്.
- Advertisement -