തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകാൻ ഇടതുമുന്നണിയിൽ തീരുമാനം. ജോസ് കെ മാണി രാജിവെച്ചതിനെ തുടർന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റാണ് കേരള കോൺഗ്രസിന് തന്നെ നൽകാൻ ഇന്ന് ചേർന്ന ഇടതുമുന്നണി യോഗത്തിൽ തീരുമാനമായത്. എൽഡിഎഫിൽ എത്തിയതിനെ തുടർന്ന് ജനുവരി 11 നാണ് ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചത്. എന്നാൽ കൊവിഡ് സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പ് വൈകുകയായിരുന്നു. ഈ മാസം 29 നാണ് തെരഞ്ഞെടുപ്പ് നടക്കുക. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയ്യതി നവംബർ 16നാണ്.
രാജ്യ സഭയിലേത്ത് ജോസ് കെ മാണി തന്നെ മത്സരിച്ചേക്കുമെന്നാണ് സൂചന. സിപിഎമ്മും ജോസ് മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ട് വർഷം മാത്രമേ കാലാവധി ഉള്ളതിനാൽ ജോസ് രാജ്യസഭയിലേക്ക് പോണമെന്ന് കേരളാ കോൺഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു. അതിന് ശേഷം നിയമസഭയിലേക്ക് മത്സരിക്കാമെന്നാണ് ഇവരുടെ അഭിപ്രായം. അതേ സമയം സ്റ്റീഫൻ ജോർജ്ജ് അടക്കമുള്ളവരും പരിഗണിക്കപ്പെടുന്നുണ്ട്.
- Advertisement -
ഇടത് മുന്നണിയിൽ കൂടുതൽ മേൽക്കൈ നേടുകയാണ് കേരളാ കോൺഗ്രസ് എം വിഭാഗം. നിലവിൽ ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും ഒപ്പം ആറ് ബോർഡ് കോർപ്പറേഷൻ പദവിയും കേരളാ കോൺഗ്രസിനുണ്ട്. ഇതോടൊപ്പമാണ് രാജ്യസഭാ സീറ്റും കേരളാ കോൺഗ്രസിന് ലഭിക്കുന്നത്.
- Advertisement -