Ultimate magazine theme for WordPress.

അന്തർ സംസ്ഥാന നദീജല വിഷയത്തിൽ പ്രത്യേക സമിതി; മുഖ്യമന്ത്രി ചെയർമാൻ, മന്ത്രിമാരും ജനപ്രതിനിധികളും അംഗങ്ങൾ

0

തിരുവനന്തപുരം: അന്തർ സംസ്ഥാന നദീജല വിഷയത്തിൽ സംസ്ഥാനം പ്രത്യേക ത്രിതല സമിതി രൂപീകരിച്ചു. സംസ്ഥാനങ്ങൾ തമ്മിലുള്ള നദീജല തർക്കങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വേഗത്തിലും കൃത്യമായും തീരുമാനങ്ങൾ എടുക്കുന്നതിന് സർക്കാരിനാവശ്യമായ അഭിപ്രായങ്ങളും ഉപദേശങ്ങളും ലഭ്യമാക്കുന്നതിനാണ് ത്രിതല സമിതി. മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

മുഖ്യമന്ത്രി ചെയർമാനും ജലവിഭവ വകുപ്പ് മന്ത്രി വൈസ് ചെയർമാനുമായിരിക്കും. വനം വകുപ്പ്, ഊർജ്ജ വകുപ്പ് മന്ത്രിമാർ അംഗങ്ങളാണ്. നിർദ്ദിഷ്ട പദ്ധതി പ്രദേശവുമായി ബന്ധപ്പെട്ട നാല് എംഎൽഎമാരും രണ്ട് എംപിമാരും അംഗങ്ങളായിരിക്കും. ഇവരെകൂടാതെ ചീഫ് സെക്രട്ടറി, ജലവിഭവ വകുപ്പ് സെക്രട്ടറി എന്നിവരും മെമ്പർമാരാകും. അന്തർ സംസ്ഥാന നദീജല സ്ട്രാറ്റജിക് കൗൺസിൽ, അന്തർ സംസ്ഥാന നദീജല മോണിറ്ററിംഗ് കമ്മിറ്റി, അന്തർ സംസ്ഥാന നദീജല നിയമ സാങ്കേതിക സെൽ എന്നിങ്ങനെയാണ് മൂന്ന് സമിതികൾ. നിലവിലുള്ള അന്തർ സംസ്ഥാന ജല ഉപദേശക സമിതിക്ക് പകരമാണിത്.

- Advertisement -

അന്തർ സംസ്ഥാന നദീജല വിഷയങ്ങളിൽ കേരളത്തിൻറെ പൊതുതാത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് നയപരമായ തീരുമാനങ്ങൾ കൗൺസിൽ എടുക്കും. സുപ്രീംകോടതിയിൽ അല്ലെങ്കിൽ അന്തർ സംസ്ഥാന നദീജല ട്രൈബ്യൂണലിൽ വരുന്ന കേസുകൾ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടികൾ സമിതി സ്വീകരിക്കും. അന്തർ സംസ്ഥാന നദീജല തർക്കങ്ങൾ ഉൾപ്പെടുന്ന പുതിയ പദ്ധതികളുടെ നിർമ്മാണവും പ്രവർത്തനവും സൂക്ഷ്മമായി നിരീക്ഷിച്ച് നിർദ്ദേശങ്ങൾ നൽകലും സമിതിയുടെ ചുമതലയാണ്.

ചീഫ് സെക്രട്ടറി ചെയർമാനായ അന്തർ സംസ്ഥാന നദീജല മോണിറ്ററിംഗ് കമ്മിറ്റിയിൽ ജലവിഭവ, ഊർജ്ജ, റവന്യൂ, വനം, കൃഷി, നിയമ വകുപ്പ് സെക്രട്ടറിമാർ അംഗങ്ങളാവും. കെ.എസ്.ഇ.ബി ചെയർമാനും അന്തർ സംസ്ഥാന നദീജല ചീഫ് എൻജിനീയറും അംഗങ്ങളായിരിക്കും. അന്തർ സംസ്ഥാന നദീജല വിഷയങ്ങളിൽ നയപരമായ തീരുമാനങ്ങൾ രൂപീകരിക്കുന്നതിന് സംസ്ഥാനസമിതിയെ സഹായിക്കലാണ് മോണിറ്ററിംഗ് കമ്മിറ്റിയുടെ ചുമതല.

നദീജല കരാറുകൾ സമയബന്ധിതമായി പുതുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കലും നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി ഇടപെടലുകൾ ഉറപ്പാക്കലും ചുമതലയാണ്.അന്തർ സംസ്ഥാന നദീജല വിഷയങ്ങളിൽ ആവശ്യമായ നിയമോപദേശം സ്ട്രാറ്റജിക്ക് കമ്മിറ്റിക്കും മോണിറ്ററിംഗ് കമ്മിറ്റിക്കും നൽകുകയാണ് അന്തർ സംസ്ഥാന നദീജല നിയമ സാങ്കേതിക സെല്ലിൻറെ ചുമതല.

 

- Advertisement -

Leave A Reply

Your email address will not be published.