കൊച്ചി: മുന്‍ മിസ് കേരള വിജയികളടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസില്‍ കൂടുതല്‍ പേരെ പോലീസ് ചോദ്യംചെയ്യുന്നു. ഒക്ടോബര്‍ 31-ന് രാത്രി ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുത്ത ആറ് പേരെയാണ് പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ ചോദ്യംചെയ്യുന്നത്. ഹോട്ടലിലെ രജിസ്റ്ററില്‍നിന്നാണ് പാര്‍ട്ടിയില്‍ പങ്കെടുത്തവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. തുടര്‍ന്ന് ഇവരെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
പാര്‍ട്ടിക്കിടെ എന്താണ് സംഭവിച്ചത്, മുന്‍ മിസ് കേരള വിജയികളും മറ്റുള്ളവരും തമ്മില്‍ തര്‍ക്കങ്ങളുണ്ടായോ തുടങ്ങിയ വിവരങ്ങള്‍ കണ്ടെത്തുകയാണ് പോലീസിന്റെ ലക്ഷ്യം. പാര്‍ട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചെന്ന് സ്ഥിരീകരിച്ചതോടെ പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍നിന്ന് ഈ വിവരങ്ങള്‍ തേടാനാണ് പോലീസ് ശ്രമിക്കുന്നത്. ഇവരുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായാല്‍ ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുമെന്നാണ് പ്രതീക്ഷ. എന്നാല്‍ രജിസ്റ്ററില്‍ പേരുവിവരങ്ങള്‍ രേഖപ്പെടുത്താതെ മറ്റുചിലരും അന്നേദിവസം ഹോട്ടലില്‍ തങ്ങിയതായും വിവരങ്ങളുണ്ട്. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുകയാണ്.
- Advertisement -
അതിനിടെ, കേസില്‍ പോലീസ് നേരത്തെ ചോദ്യംചെയ്ത സൈജു തങ്കച്ചന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് സൈജു മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. താന്‍ പിന്തുടര്‍ന്നത് കൊണ്ടല്ല അപകടം സംഭവിച്ചതെന്നും മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാനാണ് ഓഡി കാറില്‍ മോഡലുകള്‍ ഉള്‍പ്പെടെയുള്ളവരെ പിന്തുടര്‍ന്നതെന്നുമാണ് സൈജുവിന്റെ വാദം.
ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ താനും പങ്കെടുത്തിരുന്നു. പാര്‍ട്ടിക്കിടെ മോഡലുകള്‍ ഉള്‍പ്പെടെയുള്ളവരെ പരിചയപ്പെട്ടു. പാര്‍ട്ടി കഴിഞ്ഞ് താന്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവരും ഹോട്ടലില്‍നിന്ന് പുറത്തിറങ്ങിയത്. സംഘത്തിലുണ്ടായിരുന്ന അബ്ദുള്‍റഹ്‌മാന്‍ ആ സമയം നന്നായി മദ്യപിച്ചിരുന്നു. അതിനാല്‍ റഹ്‌മാന്‍ വാഹനമോടിക്കുന്നത് താന്‍ വിലക്കി. എന്നാല്‍ അത് വകവെയ്ക്കാതെ നാലംഗസംഘം കാറുമായി ഹോട്ടലില്‍നിന്ന് പോയി. പിന്നീട് കുണ്ടന്നൂര്‍ ജംങ്ഷനില്‍ ഇവരുടെ വാഹനം പാര്‍ക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധിച്ചു. വീണ്ടും ഇവരോട് വാഹനം ഓടിക്കരുതെന്നും ആവശ്യപ്പെട്ടു. പിന്നാലെ ഇവര്‍ തന്റെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്തുപോയി. ഇതിനുശേഷമാണ് അപകടം സംഭവിച്ചത് കണ്ടതെന്നും ഉടന്‍തന്നെ പോലീസില്‍ വിവരമറിയിച്ചെന്നും സൈജുവിന്റെ ജാമ്യഹര്‍ജിയില്‍ പറയുന്നു.
- Advertisement -