ചെന്നൈ: തമിഴ്‌നാട്ടിനെ വിട്ടൊഴിയാതെ അതിശക്തായ മഴ. പലയിടത്തായി കനത്ത മഴയാണ് രേഖപ്പെടുത്തുന്നത്. ചെന്നൈയിലും തൂത്തുക്കുടിയിലും പ്രളയ സമാനമാണ് സാഹചര്യങ്ങള്‍.
വ്യാഴാഴ്ച്ച മുതല്‍ മഴ ശക്തമാകുകയായിരുന്നു. ഇന്നലെ നിര്‍ത്താതെയുള്ള മഴയായിരുന്നു പലയിടത്തും. അത് ഇന്നും തുടരുകയാണ്. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് പലയിടത്തും കനത്ത ജാഗ്രതാ നിര്‍ദേശമുണ്ട്. വിവിധ ജില്ലാ ഭരണകൂടങ്ങള്‍ പലവിധ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. 24 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധിയാണ്. ചെന്നൈയില്‍ നഗരത്തില്‍ വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
- Advertisement -
അടുത്ത ദിവസങ്ങളിലും അതിശക്തമായ മഴ തമിഴ്‌നാട്ടിലുണ്ടാവുമെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. ഇതിനെ നേരിടാന്‍ തദ്ദേശ സ്ഥാപനങ്ങളെല്ലാം തയ്യാറെടുത്ത് കഴിഞ്ഞു. പുതുച്ചേരിയിലും സ്‌കൂളുകളും കോളേജുകളുമെല്ലാം അടച്ചിരിക്കുകയാണ്. ഇന്നും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല. അതിശക്തമായ മഴയാണ് പുതുച്ചേരിയിലുമുള്ളത്. തൂത്തുക്കുടിയില്‍ തിരുച്ചെണ്ടൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പ്രളയത്തില്‍ മുങ്ങിയിരിക്കുകയാണ്. പൂര്‍ണമായും വെള്ളത്തിനടിയിലാണ് ഈ ക്ഷേത്രം. രാമനാഥപുരം ജില്ലയിലും അതിശക്തമായ മഴയാണ് ഉള്ളത്. കേരളത്തിലും ആന്ധ്രപ്രദേശിലും അതിശക്തമായ മഴ പെയ്‌തൊഴിഞ്ഞതിന് പിന്നാലെയാണ് തമിഴ്‌നാട്ടില്‍ വീണ്ടും മഴ ശക്തമായിരിക്കുന്നത്.
രാമനാഥപുരത്ത് കളക്ടര്‍ വിവിധ വകുപ്പുകളെ വിളിച്ച് ചേര്‍ത്തിരിക്കുകയാണ്. ഇവരോട് റിപ്പോര്‍ട്ടുകള്‍ തേടുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ പ്രത്യേകം ശ്രദ്ധ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളാണ് പരമകുടി, ആര്‍എസ് മംഗലം എന്നിവിടങ്ങള്‍ പ്രത്യേക നിരീക്ഷണത്തിലാണ്. ദുരന്തനിവാരണ അതോറിറ്റി ഈ മേഖലയില്‍ ക്യാമ്ബ് ചെയ്യുന്നുണ്ട്. അതിശക്തമായ മഴയുടെ സാന്നിധ്യത്തില്‍ രാമേശ്വരത്തേക്കുള്ള തീര്‍ത്ഥാടകരുടെ വരവ് പോലും വല്ലാതെ കുറഞ്ഞിരിക്കുകയാണ്. രാമനാഥപുരം ജില്ലാ ഭരണകൂടം പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഏത് വിധത്തിലുള്ള സഹായവും ലഭ്യമാക്കാനാണ് കണ്‍ട്രോള്‍ റൂം തുറന്നത്.
- Advertisement -