Ultimate magazine theme for WordPress.

‘ഒമിക്രോൺ വാക്സിനെ അതിജീവിക്കുമോ എന്ന് ആശങ്ക’, സജ്ജമെന്ന് ആരോഗ്യമന്ത്രി

0

തിരുവനന്തപുരം: ഇന്ത്യയിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വൈറസ് എത്തിയാൽ അത് നേരിടാൻ മുന്നൊരുക്കം സജ്ജമാക്കിയിട്ടുണ്ട്. 26 ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവരിൽ നിരീക്ഷണം കർശനമാക്കും. മറ്റുള്ള രാജ്യങ്ങളിൽ നിന്ന് വന്നവർക്ക് ഹോം ക്വാറന്‍റീനിൽ തുടരാമെങ്കിലും കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണം. ഒമിക്രോൺ വകഭേദം വാക്സിനേഷനും അതിജീവിച്ച് പടരുമോ എന്നത് ആശങ്ക തന്നെയാണെന്നും, അതിതീവ്രവ്യാപനശേഷിയുള്ള വൈറസ് ഇന്ത്യയിൽ സ്ഥിരീകരിച്ച സ്ഥിതിക്ക് ഇനി വാക്സിനെടുക്കാൻ ബാക്കിയുള്ളവരെല്ലാം ഉടനടി വാക്സീൻ സ്വീകരിക്കാൻ തയ്യാറാകണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

നിലവിൽ ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവരിൽ ആരിലും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടില്ല. ആദ്യകേസ് റിപ്പോർട്ട് ചെയ്തതുമുതൽ കേരളത്തിലേക്ക് വിവിധ ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവരുടെ പൂർണ എണ്ണം എടുക്കുന്നതേയുള്ളൂ.

- Advertisement -

കേരളത്തിൽ ആശുപത്രി കേസുകൾ കൂടി വന്നേക്കുമെന്ന കാര്യം ഇപ്പോഴേ മുൻകൂട്ടി കാണുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ക്വാറന്‍റീൻ ഉറപ്പാക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംയുക്തനടപടി സ്വീകരിക്കും. പരിശോധനകൾ പരമാവധി കൂട്ടും. നിലവിൽ ക്വാറന്‍റീൻ, യാത്രാ മാർഗനിർദേശങ്ങളടക്കം എല്ലാം കേന്ദ്രസർക്കാർ പറയുന്നതനുസരിച്ച് മാത്രമാകും നടപ്പാക്കുക.

കർണാടകയിലാണ് ഇന്ന് രണ്ട് പേർക്ക് ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചത്. 66-ഉം 46-ഉം വയസ്സുള്ള രണ്ട് പേരിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരായ രണ്ട് പേരും ദക്ഷിണാഫ്രിക്കൻ സ്വദേശികളാണ്. ബിസിനസ് ആവശ്യങ്ങൾക്കായാണ് ഇരുവരും ഇന്ത്യയിൽ എത്തിയത്. ഇവരുമായി സമ്പർക്കത്തിൽ വന്ന എല്ലാവരേയും ഇതിനോടകം നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്ന് ആരോഗ്യസെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു നിരീക്ഷണത്തിലുള്ള അഞ്ച് പേരുടെ പരിശോധന ഫലം നിലവിൽ നെഗറ്റീവാണെന്നും പത്ത് പേരുടെ പരിശോധനഫലം കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദി, യുഎഇ, അമേരിക്ക എന്നീ രാജ്യങ്ങളിലും ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ ദക്ഷിണാഫ്രിക്ക അടക്കം 26 രാജ്യങ്ങളെ ഹൈറിസ്ക് ആയി കണ്ടെത്തിയിട്ടുണ്ട്. ഈ ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് എത്തി പോസിറ്റീവാകുന്നവരെ നിർബന്ധമായും ഐസൊലേറ്റഡ് വാർഡിലേക്ക് മാറ്റും. ഇവർക്ക് ആശുപത്രികളിൽത്തന്നെയാകും ചികിത്സ നൽകുക. നെഗറ്റീവായവരും ഹോം ക്വാറന്‍റീനിൽ തുടരണം. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം. മറ്റ് രാജ്യങ്ങളിൽ നിന്ന് വന്നവർ പോസിറ്റീവായാൽ വീട്ടിൽ ഹോം ക്വാറന്‍റീനിൽ തുടരണം. അത് കർശനമായി പാലിക്കണം. വീട്ടിലുള്ളവർ അടക്കം ആരുമായും ഇടപഴകരുത്. അവർ ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കേണ്ടതാണ് എന്നും വീണാ ജോർജ് ആവശ്യപ്പെട്ടു.

- Advertisement -

Leave A Reply

Your email address will not be published.