കാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ സി.ബി.ഐ പ്രതികളാക്കിയവർ എല്ലാം ക്രൈംബ്രാഞ്ച് രക്ഷപ്പെടുത്തിയവർ. ക്രൈം ബ്രാഞ്ച് വ്യക്തിവൈരാഗ്യം എന്ന് എഴുതിവെച്ച കേസ് ഇപ്പോൾ പൂർണമായും രാഷ്ട്രീയ വൈരാഗ്യമായി മാറി. 2019 ഏപ്രിൽ 10നാണ് ക്രൈം ബ്രാഞ്ച് ആദ്യ കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ കൊല വ്യക്തിവൈരാഗ്യം എന്നാണ് കാരണമായി പറഞ്ഞത്. കൃത്യത്തിന്റെ രാഷ്ട്രീയ ബന്ധങ്ങൾ ഒളിപ്പിക്കാനായിരുന്നു ക്രൈം ബ്രാഞ്ചിന്റെ വ്യഗ്രത.
- Advertisement -
അന്വേഷണം തുടങ്ങിപ്പോൾ ശരിയായ ദിശയിലേക്ക് സഞ്ചരിച്ചിരുന്നു. എന്നാൽ സി.പി.എം ഇടപെട്ട് അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥനെ മാറ്റി. പിന്നാലെ അന്വേഷണ സംഘത്തെ പിരിച്ചുവിട്ടു. 21 അംഗ സംഘത്തിൽ 19 പേരെയും വീട്ടിലിരുത്തി കുറ്റപത്രം തയാറാക്കി. ഇരട്ടക്കൊല കേസിനെ പൂർണമായും അട്ടിമറിക്കാനുള്ള പഴുതുകളാണ് ക്രൈം ബ്രാഞ്ച് സൃഷ്ടിച്ചത്.
2019 ഫെബ്രുവരി 17ന് വൈകിട്ട് 7.30ന് കല്യോട്ട് കൂരാങ്കര റോഡിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും വധിച്ച സംഘം അഭയം തേടിയത് സി.പി.എം ഉദുമ ഏരിയ കമ്മിറ്റിയുടെ പരിധിയിലെ വെളുത്തോളിയിലാണ്. അവിടെവെച്ച് വസ്ത്രങ്ങൾ നശിപ്പിക്കാനും കുളിക്കാനും വസ്ത്രം മാറാനും സൗകര്യം ചെയ്തുകൊടുത്തവരെ പ്രതിചേർത്തില്ല. വെളുത്തോളിയിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ പൊലീസ് ജീപ്പിൽ കയറ്റുമ്പോൾ ബലം പ്രയോഗിച്ച് രക്ഷപ്പെടുത്തിയതാണ് മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമനെതിരെയുള്ള കുറ്റം. അന്ന് ഉദുമ ഏരിയ സെക്രട്ടറിയും നിലവിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായ കെ. മണികണ്ഠൻ, വ്യാപാരി വ്യവസായി നേതാവ് രാഘവൻ വെളുത്തോളി, പനയാൽ ബാങ്ക് പ്രസിഡൻറ് ഗോപൻ വെളുത്തോളി, പാക്കം ലോക്കൽ സെക്രട്ടറി ഭാസ്‌കരൻ എന്നിവർക്ക് കേസിൽ ബന്ധം ഉണ്ടാകുന്നത് പ്രതികളെ ഒളിവിൽ കഴിയാനും രക്ഷപ്പെടുത്താനും സഹായിച്ചതിനാണ്. ക്രൈം ബ്രാഞ്ച് ഒഴിവാക്കിയ ഇവരാണ് ഇപ്പോൾ പ്രതികളായത്. ക്രൈംബ്രാഞ്ചിന്റെ സാക്ഷിപട്ടികയിൽ 229 പേരിൽ പരിസരവാസികളിൽ 40 ശതമാനം പേരും പ്രതികളെ സഹായിക്കുന്നവരായിരുന്നു. കൊല്ലപ്പെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ചന്ദ്രൻ എന്നയാളുടെ മൊഴി രേഖപ്പെടുത്തിയില്ല. ചന്ദ്രൻ മുഴുനീള സാക്ഷിയായിരുന്നു.
ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത ഗിജിന്റെ പിതാവും സി.ബി.ഐ അറസ്റ്റു ചെയ്ത ശാസ്താ മധുവിന്റെ ജ്യേഷ്ഠനുമായ ശാസ്താ ഗംഗാധരനെ ക്രൈം ബ്രാഞ്ച് 84-ാം സാക്ഷിയാക്കി. ശാസ്താ ഗംഗാധരന്റെ വീടിനു മുന്നിലാണ് ശരത്ലാലും കൃപേഷും മരിച്ചു കിടന്നത്.
സംഭവ സമയത്ത് ഇവർ വീടിന്റെ മുന്നിലെ വിളക്ക് ബോധപൂർവം കത്തിച്ചില്ലെന്ന് നാട്ടുകാർ മൊഴി നൽകിയിരുന്നു. എന്നാൽ വിളക്ക് കത്തിച്ചിരുന്നെന്നും ഭാര്യയും മകളും വെട്ടേറ്റു കിടക്കുന്ന ശരത്ലാലിനെ കാണാൻ പോയിരുന്നുവെന്നും ഗംഗാധരൻ മൊഴി നൽകിയിട്ടുണ്ട്. ശരത്ലാലിന്റെ പിതാവ് സത്യനാരായണനും കൃപേഷിന്റെ പിതാവ് കൃഷ്ണനും രണ്ടു പേരുടെയും അമ്മമാരും നൽകിയ മൊഴിയുടെയും പ്രധാന ഭാഗങ്ങൾ ക്രൈം ബ്രാഞ്ച് പരിഗണിച്ചില്ല.
ക്രൈം ബ്രാഞ്ച് പ്രതിയാക്കിയ 14 പ്രതികൾ തമ്മിൽ പരസ്പര ധാരണയോടെ കൃത്യം നടത്തിയെന്ന് തോന്നാത്തവിധമാണ് കുറ്റപത്രം. ഗൂഢാലോചന നടന്നത് ഏച്ചിലടുക്കം പാർട്ടി ഓഫിസിൽ നിന്നാണെന്ന് ആദ്യംപറഞ്ഞ ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ ബസ്‌സ്റ്റാൻറിലേക്ക് മാറ്റി. മറ്റു സാക്ഷികളെല്ലാം ഉദ്യോഗസ്ഥരും ശബ്ദംകേട്ടവരും വാഹനങ്ങൾ പോകുന്നത് കണ്ടവരുമൊക്കെയാണ്. തീർത്തും ദുർബലമാക്കിയ കേസിലാണ് സി.ബി.ഐയുടെ നീക്കം.
- Advertisement -