മുംബൈ: ഐപിഎൽ 15-ാം സീസണിലെ ഇന്നലെ നടന്ന മത്സരത്തിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് ജയം. സീസണിലെ രണ്ടാം സെഞ്ചുറി നേടിയ ജോസ് ബട്ലറും ഹാട്രിക് അടക്കം അഞ്ച് വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചഹലുമാണ് രാജസ്ഥാന്റെ വിജയശിൽപികൾ. രാജസ്ഥാന്റെ 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 19.4 ഓവറില്‍ 210 റണ്‍സിന് എല്ലാവരും പുറത്തായി. ഏഴ് റണ്‍സിനായിരുന്നു രാജസ്ഥാന്റെ അവിസ്മരണീയ ജയം.
17-ാം ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ വിക്കറ്റ് വീഴ്തി ചഹൽ കളിതിരിച്ചു. കൊല്‍ക്കത്ത നിരയിൽ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ആരോണ്‍ ഫിഞ്ചും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ജയം സാധ്യമായില്ല. ശ്രേയസ് 51 പന്തില്‍ 85 റണ്‍സെടുത്തു. ഫിഞ്ച് 28 പന്തില്‍ 58 റണ്‍സ് നേടി. അവസാന ഓവറില്‍ രണ്ട് വിക്കറ്റ് ശേഷിക്കെ 11 റൺസ് എന്ന നിലയിലായിരുന്നു കൊല്‍ക്കത്ത. ആ ഓവറില്‍ ശേഷിച്ച രണ്ട് വിക്കറ്റും വീണതോടെ രാജസ്ഥാൻ വിജയമാഘോഷിച്ചു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 217 റണ്‍സെടുത്തിരുന്നു. 61 പന്തുകള്‍ നേരിട്ട് ബട്‌ലര്‍ 103 റണ്‍സ് കണ്ടെത്തി. ഒന്‍പത് ഫോറും അഞ്ച് സിക്‌സും സഹിതമാണ് ബട്‌ലര്‍ കത്തിക്കയറിയത്. ഐപിഎല്ലിലെ ബട്‌ലറുടെ മൂന്നാം സെഞ്ച്വറി കൂടിയാണിത്.