Ultimate magazine theme for WordPress.

വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു

ജനല്‍ച്ചില്ല് നീക്കാനായി വിദ്യാര്‍ഥിനി സഹായം തേടിയപ്പോഴാണ് ഷാജഹാന്‍ മോശമായി പെരുമാറിയതെന്നാണ് പരാതി

0

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ പി.എ ഷാജഹാനെയാണ് സര്‍വീസില്‍നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ പി.ജി. വിദ്യാര്‍ഥിനിയാണ് പരാതിക്കാരി. യാത്രക്കാരെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ ബസ് ജീവനക്കാരന്റെ ഭാഗത്ത് നിന്നുള്ള പ്രവൃത്തി കുറ്റകരമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടി.

- Advertisement -

കഴിഞ്ഞ 17ന് പത്തനംതിട്ടയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസില്‍വച്ചാണ് ഇയാള്‍ യാത്രക്കാരിയോട് മോശമായി പെരുമാറിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ബസ് കൃഷ്ണഗിരിയില്‍ എത്തിയപ്പോള്‍ ജനല്‍ച്ചില്ല് നീക്കാനായി വിദ്യാര്‍ഥിനി ഡ്രൈവറുടെ സഹായം തേടി. ഈ സമയത്ത് ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയെന്നാണ് വിദ്യാര്‍ഥിനിയുടെ ആരോപണം. ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം തനിക്ക് ഷോക്കുണ്ടാക്കിയെന്നും അതിനാല്‍ ആ സമയത്ത് പ്രതികരിക്കാനായില്ലെന്നും പരാതിക്കാരി നേരത്തെ പറഞ്ഞിരുന്നു. പിന്നീട് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ക്ക് ഇ-മെയില്‍ വഴി പരാതി നല്‍കുകയായിരുന്നു.

സംഭവത്തിന് ശേഷം പരാതിക്കാരിയെ ഇയാള്‍ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. വാട്ട്‌സ് ആപ്പിലൂടെ ഭീഷണിപ്പെടുത്തി പരാതിക്കാരിയെ ഇയാള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. താന്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടുവെന്ന് വോയിസ് മെസേജിലൂടെ പറഞ്ഞത് കളവാണെന്നും കോടതിയില്‍ പോകുമെന്നും പ്രസ് മീറ്റ് നടത്തുമെന്നുമെല്ലാം പറഞ്ഞത് ഭീഷണിയുടെ ഭാഗമാണെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വാര്‍ത്താ മാധ്യമങ്ങളില്‍ ഇയാള്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ പരാതിക്കാരിക്കും, സ്ഥാപനത്തിനും അപകീര്‍ത്തികരവും വസ്തുതാ വിരുദ്ധവുമാണെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

- Advertisement -

Leave A Reply

Your email address will not be published.