കല്ലടിക്കോട്: കുടുംബവഴക്കിനെത്തുടര്‍ന്ന് ഗൃഹനാഥന്‍ തലയ്ക്കടിയേറ്റുമരിച്ചു. കല്ലടിക്കോട് ചുങ്കത്ത് കോലത്തുംപള്ളിയാല്‍ കുണ്ടംതരിശില്‍ ചന്ദ്രനാണ് (58) മരിച്ചത്. സംഭവത്തില്‍ ഭാര്യ ശാന്തയെ (46) പോലീസ് അറസ്റ്റുചെയ്തു.
ഞായറാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. പോലീസ് പറയുന്നതിങ്ങനെ: വീട്ടിലിരുന്ന് മദ്യപിക്കുന്നതിനെ ചോദ്യംചെയ്ത ഭാര്യ ശാന്തയെ ചന്ദ്രന്‍ മടവാള്‍കൊണ്ട് വെട്ടാന്‍ ശ്രമിച്ചു. ഈസമയത്ത് സ്വയരക്ഷയ്ക്കായി ശാന്ത വിറകുകൊണ്ട് അടിക്കുകയായിരുന്നു. തലയ്ക്കടിയേറ്റ ചന്ദ്രനെ അടുക്കളയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
കൂലിപ്പണിക്കാരനായ ചന്ദ്രന്‍ മിക്കദിവസങ്ങളിലും മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മാസങ്ങള്‍ക്കുമുമ്പ് മദ്യപിച്ച് ബഹളമുണ്ടാക്കിയ ചന്ദ്രന്റെപേരില്‍ ശാന്ത പോലീസില്‍ പരാതി നല്‍കി. പരാതി പിന്നീട് ഒത്തുതീര്‍പ്പാക്കി. അറസ്റ്റിലായ ശാന്തയെ പിന്നീട് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. ചന്ദ്രന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. മകള്‍: സാന്ദ്ര.
- Advertisement -