കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ തുറന്നിട്ടുണ്ടെന്നും ഇതിൽ പരിശോധന വേണമെന്ന ഹർജിയിൽ ഇന്നും വാദം തുടരും. മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റം ഉണ്ടെങ്കിലും അതിലെ വീഡിയോ ദൃശ്യങ്ങളുടെ ഹാഷ് വാല്യുവിൽ മാറ്റമില്ലെന്നാണ് ഫൊറൻസിക് ഡയറക്ടറുടെ റിപ്പോർട്ട് എന്ന് ഇന്നലെ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹാഷ് വാല്യുവിൽ മാറ്റം ഉണ്ടായതായുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മെമ്മറികാർഡ് വീണ്ടും ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യം വിചാരണക്കോടതി നിഷേധിച്ചതിനെത്തുടർന്നാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്.
- Advertisement -
കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്നും അനാവശ്യ ഒച്ചപ്പാടാണോ ഉണ്ടാക്കുന്നതെന്നും ഹൈക്കോടതി വാക്കാൽ ചോദിച്ചു. കോടതിയിലുള്ള ദൃശ്യങ്ങളുടെ പകർപ്പ് മറ്റുള്ളവർക്ക് കിട്ടുകയോ കൃത്രിമം വരുത്തുകയോ ചെയ്താൽ തന്റെ ഭാവി എന്തായിരിക്കുമെന്ന് അതിജീവതയ്ക്കുവേണ്ടി അഭിഭാഷക ചോദിച്ചു. തന്റെ സ്വകാര്യതയെ ബാധിക്കുന്ന ഗൗരവമുള്ള വിഷയമാണിത്. മെമ്മറി കാർഡ് പരിശോധിച്ചത് ആരാണെന്ന് അറിയണം. ദൃശ്യങ്ങൾ കണ്ടതായി നേരത്തെ സാക്ഷിമൊഴി ഉണ്ട്. മെമ്മറി കാർഡ് ആരെങ്കിലും പകർത്തുകയോ തുറന്നുനോക്കുകയോ തിരിമറി നടത്തുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ തന്റെ ഭാവി എന്താണെന്നാണ് ചോദ്യം. തിരിമറി കാണിക്കാതെ പകർത്താൻ പറ്റുമെന്നും നടിയുടെ അഭിഭാഷക അറിയിച്ചു.
വിചാരണക്കോടതിയിലുള്ള മെമ്മറികാർഡ് ഫൊറൻസിക് പരിശോധനയ്ക്ക് അയക്കണമെന്നാവശ്യപ്പെടുന്ന പ്രോസിക്യൂഷന്റെ ഹർജിയും തുടരന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിക്കുന്ന അതിജീവിതയുടെ ഹർജിയുമാണ് കോടതി പരിഗണിക്കുന്നത്. കേസിൽ ദിലീപും കക്ഷിചേർന്നിട്ടുണ്ട്. കാർഡ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചാൽ എന്താണ് കുഴപ്പമെന്ന് ദിലീപിന്റെ അഭിഭാഷകനോടും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ചോദിച്ചു.
- Advertisement -