ഹൈദരാബാദ്/ബെംഗളൂരു: മൂന്നുദിവസത്തോളം വിശാഖപട്ടണത്തെ ആശങ്കയിലാഴ്ത്തിയ തിരോധാനത്തിന് തിരശീല വീണതിന് പിന്നാലെ കാണാതായ യുവതി നഗരത്തില്‍ തിരിച്ചെത്തി. വിശാഖപട്ടണം സ്വദേശി ശ്രീനിവാസ റാവുവിന്റെ ഭാര്യ ആര്‍.സായ് പ്രിയ(21)യാണ് കഴിഞ്ഞദിവസം കാമുകനൊപ്പം വിശാഖപട്ടണത്ത് തിരിച്ചെത്തിയത്. ബെംഗളൂരുവിലുണ്ടെന്ന വിവരം മാതാപിതാക്കളെ അറിയിച്ചതിന് പിന്നാലെയാണ് യുവതിയും കാമുകനും തിരികെവന്നത്.കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയാണ് വിശാഖപട്ടണത്തെ ആര്‍.കെ. ബീച്ചില്‍നിന്ന് സായ് പ്രിയയെ കാണാതായത്. യുവതി തിരയില്‍പ്പെട്ടിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ മൂന്നുദിവസത്തോളമാണ് കോസ്റ്റ്ഗാര്‍ഡും നാവികസേനയും ഉള്‍പ്പെടെയുള്ളവര്‍ കടലില്‍ തിരച്ചില്‍ നടത്തിയത്. തിരച്ചില്‍ നടക്കുന്നതിനിടെ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് യുവതി മാതാപിതാക്കള്‍ക്ക് സന്ദേശം അയക്കുകയായിരുന്നു. താന്‍ സുരക്ഷിതയാണെന്നും കാമുകനൊപ്പം ബെംഗളൂരുവിലുണ്ടെന്നുമായിരുന്നു യുവതിയുടെ സന്ദേശം. ഇതോടെ മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്കും വിരാമമായി.
- Advertisement -