മധു വധക്കേസ്: ഒരു സാക്ഷി കൂടി കൂറുമാറി; കൂറുമാറ്റത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മധുവിന്റെ അമ്മ കോടതിയിൽ
പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. 19-ാം സാക്ഷി കക്കിയാണ് കൂറുമാറിയത്. മധുവിനെ മര്‍ദ്ദിക്കുന്നത് കണ്ടു എന്നു പറഞ്ഞയാളാണ് കക്കി. പൊലീസ് സമ്മര്‍ദ്ദം മൂലമാണ് ആദ്യം മൊഴി നല്‍കിയതെന്ന് കക്കി പറഞ്ഞു. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം ഒമ്പതായി.
- Advertisement -
ഒരാഴ്ചയ്ക്കിടെ കൂറുമാറുന്ന മൂന്നാമത്തെ സാക്ഷിയാണ് കക്കി. വിസ്താരത്തിനിടെയാണ് കക്കി മൊഴി മാറ്റിയത്. കഴിഞ്ഞദിവസങ്ങളില്‍ നടന്ന വിസ്താരങ്ങള്‍ക്കിടെ 17-ാം സാക്ഷി ജോളി, 18-ാം സാക്ഷി കാളി മൂപ്പന്‍ എന്നിവര്‍ കൂറുമാറിയിരുന്നു.
കൂറുമാറിയ മുക്കാലി ഫോറസ്റ്റ് സെക്ഷൻ ഓഫീസിലെ അബ്ദുൽ റസാഖിനെയും വനം വകുപ്പ് വാച്ചർ അനിൽ കുമാറിനെയും പിരിച്ചുവിട്ടിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റങ്ങൾക്ക് ഇടയാക്കുന്നതെന്നാണ് മധുവിന്റെ കുടുംബം ആരോപിക്കുന്നത്.
അതേസമയം മധു വധക്കേസിൽ കൂറുമാറിയവർക്കെതിരെ മധുവിന്റെ അമ്മ മല്ലി കോടതിയെ സമീപിച്ചിരിക്കുകയാണ്. സ്വാധീനത്തിന് വഴങ്ങിയാണ് സാക്ഷികൾ മൊഴിമാറ്റിയിട്ടുള്ളത്. ഇക്കാര്യം അന്വേഷിക്കാൻ പൊലീസിന് നിർദേശം നൽകണമെന്നും മല്ലി ആവശ്യപ്പെട്ടുന്നു. മണ്ണാർക്കാട് മുൻസിഫ് കോടതിയിലാണ് മല്ലി പരാതി നൽകിയത്.
- Advertisement -