KSRTC ജീവനക്കാരുടെ ജൂണിലെ ശമ്പളം 5ന് മുന്‍പ് നല്‍കുമെന്ന് സിഎംഡി; ഇലക്ട്രിക് ബസുകള്‍ തടയുമെന്ന് CITU
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പ്രതിസന്ധി അവസാനിക്കുമെന്ന് യൂണിയനുകള്‍ക്ക് ഉറപ്പ് നല്‍കി സി.എം.ഡി. ബിജു പ്രഭാകര്‍. ജൂണിലെ മുടങ്ങിയ ശമ്പളം ഓഗസ്റ്റ് അഞ്ചിന് മുന്‍പായും ജൂലായ് മാസത്തിലെ ശമ്പളം പത്താം തീയതിക്കുള്ളിലും നല്‍കുമെന്ന് സി.എം.ഡി. അറിയിച്ചു. എന്നാല്‍, യൂണിയനുകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധത്തിലേക്ക് കടക്കാന്‍ സി.ഐ.ടി.യു. അടക്കമുള്ള യൂണിയനുകള്‍ തീരുമാനിച്ചു.
അടുത്ത ദിവസം ഉദ്ഘാടനം ചെയ്യുന്ന ഇലക്ട്രിക് ബസുകള്‍ തടയുമെന്ന് സി.ഐ.ടി.യു. വ്യക്തമാക്കി. ഇലക്ട്രിക് ബസുകള്‍ കെ-സ്വിഫ്റ്റിന് നല്‍കാനുള്ള നീക്കത്തില്‍നിന്ന് മാനേജ്‌മെന്റ് പിന്‍തിരിയണമെന്ന് ഇന്നു നടന്ന ചര്‍ച്ചയില്‍ സി.ഐ.ടി.യു. ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിച്ചില്ല. ഇതാണ് പ്രതിഷേധത്തിലേക്ക് കടക്കാന്‍ സി.ഐ.ടി.യുവിനെ പ്രേരിപ്പിച്ചത്.കെ.എസ്.ആര്‍.ടിസിക്ക് ബസുകളും ശമ്പളവും ഇല്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുകയെന്ന് സി.ഐ.ടി.യു. ആരോപിക്കുന്നു. ബി.എം.എസും നാളത്തെ ഉദ്ഘാടന പരിപാടി ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സി.എം.ഡിയുമായി നടത്തിയ ചര്‍ച്ച കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ്. ബഹിഷ്‌കരിച്ചിരുന്നു. ശമ്പളം ലഭിക്കാതെ ചര്‍ച്ചയ്ക്ക് തയ്യാറല്ല എന്ന് വ്യക്തമാക്കിയാണ് ചര്‍ച്ച ബഹിഷ്‌കരിച്ചത്.
കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കണമെന്ന് ജൂണില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിന് പ്രഥമ പരിഗണന നല്‍കണം എന്നും കോടതി വാക്കാല്‍ നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശമ്പള വിതരണം സംബന്ധിച്ച് സി.എം.ഡി. യൂണിയനുകളുമായി ചര്‍ച്ച നടത്തിയത്.
അതിനിടെ, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി സര്‍ക്കാരിനോട് 65 കോടി രൂപ ആവശ്യപ്പെട്ടിരുന്നു.
- Advertisement -
- Advertisement -