ന്യൂഡല്‍ഹി: യുക്രൈനിലെ റഷ്യന്‍ അധിനിവേശം കാരണം പഠനം മുടങ്ങിയ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ പഠനം പൂര്‍ത്തിയാക്കാന്‍ അവസരം ഒരുക്കുന്നമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരോ, ദേശിയ മെഡിക്കല്‍ കമ്മീഷനോ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് ഹര്‍ജി. ഇന്ത്യന്‍ മെഡിക്കല്‍ കോളേജുകളില്‍ തുടര്‍ പഠനത്തിന് മാര്‍ഗ്ഗരേഖ തയ്യാറാക്കാന്‍ ദേശിയ മെഡിക്കല്‍ കമ്മീഷനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.യുക്രൈനില്‍ നിന്ന് മടങ്ങിയ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സംഘടനയായ ഓള്‍ കേരള യുക്രൈന്‍ മെഡിക്കല്‍ സ്റ്റുഡന്റസ് ആന്‍ഡ് പാരന്റ്‌സ് അസോസിയേഷനാണ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. തങ്ങളുടെ തുടര്‍വിദ്യാഭ്യാസം സംബന്ധിച്ച് നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും ദേശിയ മെഡിക്കല്‍ കമ്മീഷന്റെ ഭാഗത്തുനിന്ന് ഒരു മറുപടിയും ലഭിക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ആയിരക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കുന്ന വിഷയമായിട്ടും മടങ്ങിയെത്തിയ വിദ്യാര്‍ഥികളുടെ പുനഃരധിവാസത്തിന് നയമോ, മാനദണ്ഡമോ കമ്മീഷന്‍ രൂപീകരിക്കുന്നില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.മടങ്ങിയെത്തിയ വിദ്യാര്‍ഥികളെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശിപ്പിക്കുമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒഡിഷ, തമിഴ് നാട്, ജാര്‍ഖണ്ഡ്, തെലുങ്കാന സര്‍ക്കാരുകളും വിദ്യാര്‍ഥികളെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശിപ്പിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ദേശിയ തലത്തില്‍ ഒരു നയം ഇല്ലാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനം നടപ്പിലാക്കാന്‍ സാധിക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നു.
- Advertisement -