Ultimate magazine theme for WordPress.

‘ഈ ജഡ്ജി തന്നെയെങ്കിൽ നീതി കിട്ടുമെന്ന് കരുതുന്നില്ല’; കോടതി മാറ്റത്തിനെതിരെ അതിജീവിത ഹൈക്കോടതിയിൽ

0

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയില്‍ നിന്ന് മാറ്റുന്നതിനെതിരേ അതിജീവിത. നിലവില്‍, സിബിഐ കോടതിയുടെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന വിചാരണയില്‍ തൃപ്തയല്ലെന്ന് ചൂണ്ടിക്കാട്ടി അക്രമത്തിനിരയായ നടി ഹൈക്കോടതിയിൽ അപേക്ഷ നൽകി. ഈ മാസം രണ്ടിനാണ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് (ജുഡീഷ്യല്‍) അതിജീവിത അപേക്ഷ നല്‍കിയത്.

 

- Advertisement -

കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിനെയും അതിജീവിത എതിർക്കുന്നു. നിലവിലെ വനിതാ ജഡ്ജിയുടെ കീഴില്‍ നടക്കുന്ന വിചാരണയിലൂടെ നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു. സിബിഐ പ്രത്യേക കോടതിയിലോ മറ്റേതെങ്കിലും വനിതാ ജഡ്ജിനെ കൊണ്ടോ വിചാരണ നടത്തണം എന്നാണ് അതിജീവിതയുടെ ആവശ്യം.

കോടതിയുടെ കസ്റ്റഡിയില്‍ സൂക്ഷിച്ച മെമ്മറികാര്‍ഡ് അനധികൃതമായി പരിശോധിച്ചതായി ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വളരെ വേദനാജനകമായ കാര്യമാണിത്. മെമ്മറി കാര്‍ഡിലുണ്ടായിരുന്ന ദൃശ്യങ്ങള്‍ കോടതിക്ക് പുറത്തുപോയിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഇക്കാര്യം വനിതാ ജഡ്ജിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും കുറ്റവാളികളെ കണ്ടെത്താന്‍ നടപടിയെടുക്കുന്നില്ലെന്നും അതിജീവിത അപേക്ഷയിൽ വ്യക്തമാക്കുന്നു.

വനിതാ ജഡ്ജിയുടെ മാറ്റത്തിനൊപ്പം കേസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റില്ലെന്നാണ് പ്രതീക്ഷ. അല്ലെങ്കില്‍ വിചാരണ എറണാകുളം ജില്ലയിലെ മറ്റേതെങ്കിലും വനിതാ ജഡ്ജിക്ക് കീഴിലേക്കു മാറ്റണം. ഈ വിഷയത്തിലുള്ള ആശങ്കയും തന്റെ മാനസികാവസ്ഥയും പരിഗണിക്കണമെന്നും അതിജീവിത അപേക്ഷയില്‍ ആവശ്യപ്പെടുന്നു.

സിബിഐ പ്രത്യേക കോടതി ജഡ്ജി  ഹണി എം വർഗീസിന് പകരം പുതിയ ജഡ്ജിനെ നിയമിച്ച സാഹചര്യത്തിലാണ് കേസിന്‍റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. കോടതി മാറ്റം ഉണ്ടാകുമെങ്കിലും കേസിലെ തുടർ വിചാരണ നടത്തുക പ്രിൻസിപ്പൽ സെഷൻസ് ജ‍ഡ്ജിയായ ഹണി എം വർഗീസ് തന്നെയാകുമെന്നാണ് അറിയിപ്പ്. സുതാര്യമായ വിചാരണയല്ലെന്ന് ചൂണ്ടിക്കാണിച്ച് രണ്ടു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ നേരത്തെ രാജിവെച്ചിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.