Ultimate magazine theme for WordPress.

ഒന്നുകില്‍ ശമ്പളം മുടങ്ങുക അല്ലെങ്കില്‍ ഡീസല്‍ മുടങ്ങുക; ആനവണ്ടികൾ ഒടുവിൽ കട്ടപ്പുറത്ത്

0

തിരുവനന്തപുരം: ഒന്നുകില്‍ ശമ്പളം മുടങ്ങുക അല്ലെങ്കില്‍ ഡീസല്‍ മുടങ്ങുക. വല്ലാത്ത ഗതികേടിലാണ് കേരളത്തിന്റെ സ്വന്തം ആനവണ്ടികൾ. വണ്ടി ഓടിയ പണം കൊണ്ട് ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തപ്പോള്‍ വണ്ടിക്കുള്ള ഇന്ധനത്തിനുള്ള പണമില്ലാതായി.കുടിശ്ശികയായ പണം നല്‍കാതെ കെ.എസ്.ആര്‍.ടി.സിക്ക് ഇന്ധനം നല്‍കുന്നത് കമ്പനികള്‍ ചവിട്ടിപ്പിടിച്ചതോടെ ഓട്ടംനിലച്ച്‌ കട്ടപ്പുറത്തായിരിക്കുകയാണ് സംസ്ഥാനത്തെ മിക്ക ജില്ലകളിലേയും കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍. ബുധനാഴ്ച വടക്കന്‍, മധ്യ മേഖലകളില്‍ നിന്ന് മാത്രം ഇന്ധനമില്ലാത്തതിനാല്‍ 250 ബസുകള്‍ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. ഡീസല്‍ കുറവുണ്ടെങ്കില്‍ വരുമാനമില്ലാത്ത റൂട്ടുകള്‍ റദ്ദാക്കാന്‍ നിര്‍ദേശിച്ചിരുന്നു. മഴയും പ്രകൃതിക്ഷോഭവും കാരണം ദിവസവരുമാനത്തിലും കുറവുണ്ടായിട്ടുണ്ട്. 4.6 കോടി രൂപയാണ് ചൊവ്വാഴ്ചത്തെ വരുമാനം.ബാങ്ക് ഓവര്‍ഡ്രാഫ്റ്റായി ലഭിച്ച 50 കോടിക്കുശേഷം ബാക്കിയുള്ള ശമ്പളം ദിവസവരുമാനത്തില്‍നിന്നാണ് നല്‍കിയത്. 10 കോടി രൂപയോളം എണ്ണക്കമ്പനികള്‍ക്ക് കുടിശ്ശികയുണ്ട്. സര്‍ക്കാരിനോട് അടിയന്തരസഹായധനമായി 20 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും ലഭിക്കാത്തതാണ് പ്രശ്‌നത്തിന് കാരണമായത്.

കടുത്ത പ്രതിസന്ധിയിലേക്കാണ് സ്ഥാപനം നീങ്ങുന്നത്. ജൂണിലെ ശമ്പളം പൂര്‍ണമായി നല്‍കിയിട്ടില്ല. മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് ജില്ലതിരിച്ചാണ് ശമ്പളം നല്‍കുന്നത്. ഇനി രണ്ടു ജില്ലകളിലെ ശമ്പളം നല്‍കാനുമുണ്ട്. ഇതിനുശേഷം ഉന്നത ഉദ്യോഗസ്ഥര്‍ക്കും മറ്റും ശമ്പളം നല്‍കേണ്ടതുണ്ട്. ശമ്പളക്കുടിശ്ശിക തീര്‍ക്കാന്‍ 10 കോടി രൂപയോളം വേണം.

- Advertisement -

സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി ജില്ലാഡിപ്പോകള്‍ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവയെ ഓപ്പറേറ്റിങ് സെന്ററാക്കി മാറ്റി ജീവനക്കാരേയും വാഹനത്തേയും കുറച്ചിരുന്നു. ഇതിനിടെയാണ് ഡീസല്‍ പ്രതിസന്ധിയും വന്നിരിക്കുന്നത്. ഡീസല്‍ തീര്‍ന്നതോടെ കോഴിക്കോട്ട് ഇന്നലെ മാത്രം ദീര്‍ഘദൂര ബസുകളടക്കം 15 കെ.എസ്.ആര്‍.ടി.സി. ബസുകളാണ് വൈകിയത്. മാനന്തവാടിയിലേക്ക് രാവിലെ 9.30-ന് കോഴിക്കോട് നിന്ന് പുറപ്പെടേണ്ട ബസ് ഒരുമണിയോടെയാണ് പോയത്. രാവിലെ 9.10-ന് തൃശ്ശൂരിലേക്ക് പോവേണ്ട ബസും 9.45-ന് എറണാകുളത്തേക്ക് പോവേണ്ട ബസും മണിക്കൂറുകളോളം വൈകി. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്ന് വ്യാഴാഴ്ച ഡീസല്‍ നല്‍കിയത് അന്തസ്സംസ്ഥാന സര്‍വീസുകള്‍ക്ക് മാത്രമാണ്. ഇന്ധനം ലഭിക്കുമെന്ന് കരുതി മറ്റുഡിപ്പോകളില്‍നിന്ന് കോഴിക്കോട്ടെത്തിയ ബസുകള്‍ സര്‍വീസ് നടത്താനാവാതെ നിര്‍ത്തിയിടേണ്ടിവന്നു. തൊട്ടില്‍പ്പാലം, മാനന്തവാടി എന്നിവിടങ്ങളിലേക്കുള്ള ചില ബസുകള്‍ മുടങ്ങി. വ്യാഴാഴ്ച രാവിലെതന്നെ ഡീസല്‍ പ്രതിസന്ധിയുണ്ടായിരുന്നു. പണമടയ്ക്കാത്തതു കൊണ്ട് ഐ.ഒ.സി.യില്‍നിന്ന് ഇന്ധനം കിട്ടിയില്ല.

- Advertisement -

Leave A Reply

Your email address will not be published.